thottumkara

മുട്ടം: പരപ്പാൻ തോടിന് കുറുകെയുള്ള തോട്ടുങ്കര പാലത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ ക്രമക്കേടെന്ന് ആക്ഷേപം. ഇത്‌ സംബന്ധിച്ച് മുട്ടം പഞ്ചായത്ത്‌ മെമ്പർ റെജി ഗോപി, പ്രദേശവാസികളായ ടി എം റഷീദ്,ഷാനവാസ്‌ സി എം,അശോകൻ, മാർട്ടിൻ, നവാസ് എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് പാലം വിഭാഗം അധികൃതരെ വിവരം അറിയിച്ചു. ഇതേ തുടർന്ന് ആക്ഷേപമുള്ള സ്ഥലങ്ങളിലെ നവീകരണ പ്രവർത്തനങ്ങൾ പരിശോധന നടത്തിയതിന് ശേഷം ചെയ്താൽ മതിയെന്ന് പൊതുമരാമത്ത് അധികൃതർ കരാറുകാരനെ അറിയിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള തോട്ടുങ്കര പാലത്തിന്റെ വശങ്ങളിലും നടുക്കുമുള്ള കോൺക്രീറ്റ് ഭിത്തിയുടെ കല്ലും സിമന്റും ഇളകി അപകടവസ്ഥയിലായിട്ട് ഏറെ നാളുകളായി. പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്കയുമുണ്ട്. കൂടാതെ ചിലയിടങ്ങളിൽ ഇരുമ്പ് കമ്പി തുരുമ്പെടുത്ത് ദ്രവിച്ചിട്ടുമുണ്ട്. മുട്ടം, ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്കുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങൾ നിത്യവും കടന്ന് പോകുന്നതും ഈ പാലത്തിലൂടെയാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് പാലത്തിലും ഇതിനോട് ചേർന്നും ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടിരുന്നു.