ഇടുക്കി: ജില്ലയിലെ ചെറുകിട തേയില കർഷകരോട് ഫാക്ടറികൾ വച്ചുപുലർത്തുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ. ഫാക്ടറികളിൽ എത്തിക്കുന്ന പച്ചക്കൊളുന്തിന് ഏജന്റുമാർക്ക് കൊടുക്കുന്ന വിലയുടെ പകുതിപോലും കർഷകരും കർഷക സംഘങ്ങളും നേരിട്ടെത്തിക്കുന്ന കൊളുന്തിന് ഫാക്ടറികൾ നൽകുന്നില്ല . ഈ കാട്ട് നീതിക്കെതിരെ ടീ ബോർഡ് ഡയറക്ടർ അടിയന്തരമായി ഇടപെടണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ആവശ്യപ്പെട്ടു. രണ്ടായിരവും മൂവായിരവും കിലോഗ്രാം കൊളുന്തുള്ളവർ ഫാക്ടറിയിൽ എത്തിയാൽ മതി,​ നൂറും ഇരുന്നൂറും കിലോ പച്ചക്കൊളുന്തുമായി എത്തുന്ന കർഷകർ പടിക്കു പുറത്തുമതിയെന്ന ഭാവമാണ് മിക്ക ഫാക്ടറികൾക്കുമുള്ളത്. ഈ അടുത്തകാലം വരെ കർഷകരും സംഘങ്ങളും കൊണ്ട്‌ചെല്ലുന്ന ഉത്പന്നത്തിന്റെ പകുതിപോലും വിലയ്ക്കെടുക്കാറില്ലായിരുന്നു. ഇതു മൂലം ടൺകണക്കിന് കൊളുന്താണ് കർഷകർ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ഏജന്റ്- ഉടമ ബന്ധം ശക്തമായതോടെ ജില്ലയിലെ മിക്ക ഫാക്ടറികളും കർഷകരോട് ചിറ്റമ്മ നയമാണ് വച്ച് പുലർത്തുന്നത്. കർഷകർക്കായി ഒരു ഫാക്ടറിപോലും ഇല്ലാത്ത ജില്ലയിൽ 42 വൻകിട ഫാക്ടറികളെ ആശ്രയിച്ചാണ് ഇരുപതിനായരത്തിൽപരം ചെറുകിട കർഷകർ കൊളുന്ത് വിൽപ്പന നടത്തുന്നതും ഉപജീവനം കഴിയുന്നതും. ചെറുകിട കർഷകരുടെ ഉത്പന്നം കൂടി ന്യായമായ വിലയ്‌ക്കെടുത്ത് അരച്ച് പൊടിയാക്കുന്നതിന്റെ പേരിൽ ലക്ഷങ്ങൾ വർഷാവർഷം സബ്‌സിഡി കൈപ്പറ്റുന്ന ഫാക്ടറി ഉടമകളാണ് കർഷകരെ പടിക്ക് പുറത്ത് മാറ്റി നിർത്തിയിട്ട് ഏജന്റിനെ പോറ്റാൻ ശ്രമിക്കുന്നത്. കർഷകരെയും കർഷക സംഘങ്ങളെയും ഇല്ലാതാക്കുന്ന നടപടികളിൽ നിന്ന് ഫാക്ടറി ഉടമകൾ പിന്തിരിയണമെന്ന് പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ആവശ്യപ്പെട്ടു. കേന്ദ്ര വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും എം.പി ക്കും പരാതി നൽകിയിട്ടുണ്ട്.