
കട്ടപ്പന:ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അഞ്ചുരുളിയിലെ കോൺക്രീറ്റ് റോഡും,ടണൽ മുഖത്തേയ്ക്കുള്ള പാതയും ഇപ്പോഴും അപകടാവസ്ഥയിൽ.ടൂറിസം മേഖല ഉണർന്നതോടെ മറ്റുള്ള ജില്ലകളിൽ നിന്നടക്കം നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ടൂറിസം സീസൺ എത്തിയിട്ടും റോഡുകൾ പു:നസ്ഥാപിക്കാത്തതാണ് ഇപ്പോൾ ആക്ഷേപത്തിന് ഇടയാക്കുന്നത്.ടണൽ മുഖത്തേയ്ക്കുള്ള ഏക മൺപാത കനത്ത മഴയിലുണ്ടായ വെള്ളപ്പാച്ചിലിലും, മണ്ണിടിച്ചിലിലുമാണ് തകർന്നത്.റോഡിന് നടുവിലെ രണ്ടടി താഴ്ച്ചയിലുള്ള ഗർത്തം വിനോദ സഞ്ചാരികളുടെ ജീവനും ഭീഷണിയാണ്.സ്ഥല പരിചയമില്ലാത്ത സഞ്ചാരികൾ ഗർത്തത്തിൽ വീണ് പരിക്ക് പറ്റാനുള്ള സാധ്യതയും കൂടുതലാണ്.ജലാശയ തീരത്തേയ്ക്ക് ഇറങ്ങുന്ന കോൺക്രീറ്റ് പാതയുടെ ഒരു ഭാഗവും ഇടിഞ്ഞ് താഴുന്നു. ഈ ഭാഗത്തേയ്ക്ക് വാഹനങ്ങൾ ഇറങ്ങിയാൽ വലിയ അപകടത്ത നിടവരുത്തും.ടണൽ ഭാഗത്ത് സുരക്ഷാ വേലിയുണ്ടെങ്കിലും ഇവ മറികടന്ന് വെള്ളം കുത്തിയൊഴുകുന്ന ഭാഗത്തേയ്ക്ക് ആളുകൾ കടക്കുന്നുണ്ട്.കനത്ത മഴയിൽ സുരക്ഷാ വേലികളുടെ ഭാഗത്തും മണ്ണിടിഞ്ഞിട്ടുണ്ട്
.വനം വകുപ്പ് ഭൂമിയായതിനാൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന് റോഡ് നന്നാക്കുവാൻ ഫണ്ട് വിനിയോഗിക്കാൻ കഴിയില്ല.അപകടസ്ഥിതി വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചിട്ടുണ്ട്
സുരേഷ് കുഴിക്കാട്ട്
പ്രസിഡന്റ്
കാഞ്ചിയാർ പഞ്ചായത്ത്
ക്രിസ്മസ് ന്യൂ ഇയർ മുതൽ ആയിരക്കണക്കിന് സഞ്ചാരികളാണ് അഞ്ചുരുളിയിലേയ്ക്ക് എത്തിയത്.പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നിലനിൽക്കെയാണ് റോഡിലെ അപകടക്കെണികൾകൂടി തരണംചെയ്യേണ്ടിവന്നത്.