ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ വാത്തിക്കുടി, കഞ്ഞികുഴി പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിക്കശ്ശേരി രാജപുരം കീരിത്തോട് റോഡിന് പൊതുമരാമത്ത് വകുപ്പ് മുഖേന 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 7.15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പൂർണമായും ബി.എം & ബി.സി നിലവാരത്തിൽ നിർമ്മിക്കാനാകും. ഇടുക്കി നേര്യമംഗലം റോഡിൽ നിന്ന് നെടുങ്കണ്ടം ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്. പ്രളയത്തെ തുടർന്നു വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്ന റോഡ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും പൂർണമായും ഗതാഗത യോഗ്യമായിരുന്നില്ല. നിയോജക മണ്ഡലത്തിലെ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് മികച്ച മുന്നേറ്റമാണ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. മികച്ച മോണിറ്ററിങ് സംവിധാനം പൊതുമരാമത് മന്ത്രി മുഹമ്മദ് റിയാസ് ഏർപ്പെടുത്തിയിട്ടുണ്ട്. സമയ ബന്ധിതവും ഗുണനിലവാരമുള്ള കൂടുതൽ റോഡുകൾ നടപ്പിലാക്കുമെന്നും റോഷി പറഞ്ഞു.