
കട്ടപ്പന: എൻ ഒ സി ഇല്ലെന്ന കാരണത്താൽ വനംവകുപ്പ് നിർമ്മാണ അനുമതി നിഷേധിച്ച കാഞ്ചിയാർ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പ്രശ്‌നത്തിൽ ആശ്വാസകരമായ പുരോഗതി.പദ്ധതിയിൽ തടസ്സംനേരിടുന്ന 19 ഗുണഭോക്താക്കളുടെ വാസസ്ഥലം സംബന്ധിച്ചുള്ള സർവ്വേ റിപ്പോർട്ട് വില്ലേജ് ഓഫീസർ സമർപ്പിച്ചതോടെയാണ് നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. വനംവകുപ്പിന് കീഴിലെ ഇക്കോളജി ഡവലപ്പ്‌മെന്റ് വിഭാഗമാണ് ഫീൽഡ് സർവേ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്.നൽകിയ റിപ്പോർട്ട് പ്രകാരം ഗുണഭോക്താക്കൾക്ക് അനുകൂല ഉത്തരവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷയിലാണ് കാഞ്ചിയാർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഗുണഭോക്താക്കളും. കാഞ്ചിയാർ പഞ്ചായത്തിലെ പതിനാറാം വാർഡ് മുരിക്കാട്ടുകുടിയിലെയുംകോഴിമലയിലെയും നിർധനരും കൂലിപ്പണിക്കാരുമായ 19 കുടുംബങ്ങളാണ് കയറി കിടക്കാൻ ഗതിയില്ലാതെ ദുരിതമനുഭവിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭിച്ച ഈ കുടുംബങ്ങൾക്ക് ആദ്യ ഘട്ട തുകയായ 40,000 രൂപ ലഭിച്ചിരുന്നു. ഈ തുകയും കടം വാങ്ങിയ പണവും ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന വീട് പൊളിച്ച് പുതിയ വീടിനുള്ള തറ കെട്ട് പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് തടസ്സവുമായി വനം വകുപ്പ് എത്തിയത്.
ആദിവാസിമേഖലയിൽ ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് നൽകരുതെന്ന് കാട്ടി ആദിവാസി രാജാവ് വനംവകുപ്പിന് പരാതി നൽകിയതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.
• പരാതി തിരിച്ചടിയായി
മന്നാൻ സമുദായത്തിൽ ഉൾപ്പെട്ട ആദിവാസികളും മറ്റ് വിഭാഗത്തിൽപ്പെട്ടവരുമാണ് ഈമേഖലയിൽ താമസിക്കുന്നത്. ജനറൽ വിഭാഗത്തിലെ 19 കുടുംബങ്ങൾക്ക് വീട് അനുവദിച്ചപ്പോൾ ആദിവാസി വിഭാഗത്തിൽപ്പെടുന്ന രണ്ടുപേർക്കാണ് അന്ന് അനുവദിച്ചത്. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആദിവാസി രാജാവ് അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ അവർ ഈ പ്രശ്‌നം രമ്യതയിൽ പരിഹരിക്കാൻ തയ്യാറായില്ല. തുടർന്നാണ് ആദിവാസി രാജാവ് സെറ്റിൽമെന്റ്‌മേഖലയിൽ ആദിവാസികൾ അല്ലാത്തവർക്ക് സർക്കാർ ഫണ്ട് വീട് നിർമിക്കാൻ നൽകുന്നതിനെചോദ്യം ചെയ്ത്‌കോട്ടയം ഡി.എഫ്.ഒയ്ക്കും കളക്ടർക്കും പരാതി നൽകിയത്. തുടർന്ന് വനം വകുപ്പിന്റെ എൻ.ഒ.സിയില്ലാതെ ബാക്കി ഫണ്ട് നൽകാനാവില്ലന്ന കാരണത്താൽ പദ്ധതി നിലയ്ക്കുകയായിരുന്നു.
• പ്ലാസ്റ്റിക്കും പടുതയും
മറച്ച വീടുകൾ
പുതിയ വീടിന്റെ അടിത്തറ പണിത് ജീവിതത്തിന്റെ അടിത്തറ ഇളകിയ സാധു കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത് പ്ലാസ്റ്റിക്കും പടുതയും മറച്ച കുടിലിലാണ്. മഴപ്പെയ്താൽ പൂർണമായുംചോർന്നൊലിക്കുന്ന ഈ വീടുകളിൽ കടുത്ത ദുരിതാവസ്ഥയിലാണ് ആളുകൾ കഴിയുന്നത്. മൂന്നും നാലും കുടുംബാംഗങ്ങളുമായി ഒറ്റമുറി ഷെഡ്ഡുകളിൽ ഇവർ കഴിയാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിന് മുകളിലായി .ലൈഫ് ഭവന പദ്ധതി പ്രകാരം ഒരു ഉപഭോക്താവിന് നാലു ലക്ഷം രൂപയാണ് വീടുവയ്ക്കാൻ നൽകുന്നത്. ആദ്യഗഡുവായ 40,000 രൂപ മാത്രമാണ് ഇവർക്ക് ലഭിച്ചത്. ബാക്കി തുകയ്ക്കായി പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല. വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങളും