 വിവാഹ- മരണ ചടങ്ങുകളിൽ രണ്ട് ഡോസ് വാക്സിനെടുത്തവർ മാത്രം

തൊടുപുഴ: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ എല്ലാ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും പൂർണമായും ജില്ലാ കളക്ടർ നിരോധിച്ചു. ഇടുക്കി ഡാമുൾപ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു സമയം പരമാവധി 50 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് മാത്രം പരമാവധി 50 പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ഈ ഉത്തരവ് ലംഘിച്ചാൽ സംഘാടകർക്കോ കെട്ടിട ഉടമയ്ക്കോ എതിരെ നിയമ നടപടി സ്വീകരിക്കാം. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങൾ ഓൺലൈൻ മാത്രമാകും. ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് വലിയ കടകൾ എന്നിവിടങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിൽ ഒരാളെന്ന ക്രമത്തിൽ നിയന്ത്രിക്കണം. ഹോട്ടലുകളിലുള്ല ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. ഭക്ഷണശാലകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണം 50 ശതമാനമാക്കി. ഹോട്ടലുകളിലെ പാർട്ടി ഹാളുകളുടെ പ്രവർത്തനം നിരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണം. എല്ലാ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈൻ മാത്രമാക്കി.

പ്രധാന നിയന്ത്രണങ്ങൾ

 ഇടുക്കി ഡാമിൽ 50 പേർ മാത്രം

 വിവാഹ- മരണ ചടങ്ങുകൾക്ക് 50 പേർ

 പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സിനെടുത്തവരാകണം

 എല്ലാ യോഗങ്ങളും ഓൺലൈൻ മാത്രം

 ഹോട്ടലുകളിലെ ജിമ്മുകൾക്കും സ്വിമ്മിംഗ് പൂളുകൾക്കും നിരോധനം

 ഭക്ഷണശാലകളിൽ 50 % പേർക്ക് മാത്രം ഇരുന്ന് കഴിക്കാം


പ്രതിദിന രോഗികൾ ആയിരത്തിലേക്ക്

ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിനടുത്തെത്തി. ഇന്നലെ 969 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 36.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. 283 പേർ രോഗമുക്തി നേടി. കേസുകൾ പഞ്ചായത്ത് തിരിച്ച്: അടിമാലി- 88,​ആലക്കോട്- 5,​ അറക്കുളം- 24,​ അയ്യപ്പൻകോവിൽ- 4,​ ബൈസൺവാലി- 9,​ ചക്കുപള്ളം- 30, ചിന്നക്കനാൽ- 3,​ ദേവികുളം- 4,​ ഇടവെട്ടി- 19,​ ഏലപ്പാറ- 5,​ ഇരട്ടയാർ- 14,​ കഞ്ഞിക്കുഴി- 20,​ കാമാക്ഷി- 11,​ കാഞ്ചിയാർ- 18,​ കാന്തല്ലൂർ- 4,​ കരിമണ്ണൂർ- 28,​ കരിങ്കുന്നം- 23, കരുണാപുരം- 17,​ കട്ടപ്പന- 43,​ കോടിക്കുളം- 12,​ കൊക്കയാർ- 5,​ കൊന്നത്തടി- 15,​കുടയത്തൂർ- 11,​ കുമാരമംഗലം- 21,​ കുമളി- 26,​ മണക്കാട്- 21,​ മാങ്കുളം- 4,​ മറയൂർ- 3,​മരിയാപുരം- 2,​ മൂന്നാർ- 14,​ മുട്ടം- 14,​ നെടുങ്കണ്ടം- 54,​ പള്ളിവാസൽ- 52,​ പാമ്പാടുംപാറ- 17,​ പീരുമേട്- 6,​ പെരുവന്താനം- 20,​ പുറപ്പുഴ- 13,​ രാജാക്കാട്- 9,​ രാജകുമാരി- 7,​ശാന്തൻപാറ- 1,​ സേനാപതി- 4,​ തൊടുപുഴ- 115,​ ഉടുമ്പൻചോല- 8,​ ഉടുമ്പന്നൂർ- 14,​ഉപ്പുതറ- 2,​ വണ്ടൻമേട്- 21,​ വണ്ടിപ്പെരിയാർ- 3,​ വണ്ണപ്പുറം- 17,​ വാത്തിക്കുടി- 29,​ വാഴത്തോപ്പ്- 6,​ വെള്ളത്തൂവൽ- 42,​ വെള്ളിയാമറ്റം- 12.

കുതിച്ചുയർന്നത് ദിവസങ്ങൾക്കകം

ജനുവരി ഒന്നിന് 57 കൊവിഡ് രോഗികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ടി.പി.ആർ 4.07ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ 969 രോഗികളും 36.58 ശതമാനം ടി.പി.ആറുമായി. നാല് പഞ്ചായത്തുകളിൽ മാത്രമാണ് ടി.പി.ആർ 15ൽ താഴെയുള്ളത്. ബാക്കി പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ടി.പി.ആർ ഉയർന്ന നിരക്കിലാണ്.

'ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത തുടരണം. പനിയും രോഗലക്ഷണങ്ങളുള്ളവരും അത് മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്."

- ഡോ. ജേക്കബ്ബ് വർഗീസ് (ജില്ലാ മെഡിക്കൽ ഓഫീസർ)​