തൊടുപുഴ: നഗരസഭയിൽ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർപ്ലാൻ പുനഃ പരിശോധിക്കണമെന്ന് കാരിക്കോട് നൈനാർ ജുമാ മസ്ജിദ് പരിപാലന സമിതി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാരിക്കോട് നൈനാര് പള്ളിയുടെ മത സ്ഥാപനങ്ങൾക്കും മഹല്ലിലെ നൂറ്കണക്കിന് വീടുകൾക്കും സ്ഥാപനങ്ങൾക്കും ആഘാതമേൽപ്പിക്കുന്നതാണ് നിർദ്ദിഷ്ട മാസ്റ്റർപ്ലാൻ. ഇപ്പോൾ കരടായി പ്രസിദ്ധീകരിച്ച മാസ്റ്റർപ്ലാൻ നടപ്പായാൽ കാരിക്കോട്, കീരികോട്, കുമ്മംകല്ല്, ഉണ്ടപ്ലാവ് മേഖലയിലെ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും പൂർണമായും ഭാഗികമായും പൊളിച്ചുമാറ്റേണ്ടി വരും. നൈനാർ മസ്ജിദ് കോമ്പൗണ്ടിൽ ഉണ്ടപ്ലാവ് റോഡിന് ചേർന്നുള്ള ശൈഖ് മുഹമ്മദുൽ കൂതാരി എന്ന സൂഫി വര്യന്റെ നൂറുകണക്കിനാളുകൾ സന്ദർശനം നടത്തിവരുന്ന ഖബറിടം പ്രസ്തുത റോഡ് വീതികൂട്ടലിനെ തുടർന്ന് അപകടത്തിലാകുമെന്നത് അത്യന്തം വേദനാജനകവും സഹിക്കാനാവാത്തതുമാണ്. പേട്ട റോഡിലെ പള്ളിവക കെട്ടിടവും പള്ളിയോട് ചേർന്നുള്ള ഭണ്ഡാരക്കുറ്റിയും സ്ഥാപനങ്ങളും പള്ളിയുടെ സമീപമുള്ള രണ്ട് മദ്രസാ കെട്ടിടങ്ങളും ഉൾപ്പെടെ പൊളിക്കേണ്ടിവരും. നാടിന്റെ വികസനത്തിന് പദ്ധതികൾ തയ്യാറാക്കുമ്പോൾ നേട്ടങ്ങളോടൊപ്പം മതസ്ഥാപനങ്ങൾക്കും സമൂഹത്തിനുമുണ്ടാകുന്ന കോട്ടങ്ങളും വിലയിരുത്താൻ അധികാരികൾ തയ്യാറാവണമെന്നും മഹല്ല് പരിപാലന സമിതി അഭ്യർത്ഥിച്ചു. പ്രസിഡന്റ് പി.പി. അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം നൗഫൽ കൗസരി, ജന. സെക്രട്ടറി ഷെയ്ഖ് മുഹമ്മദ്, ട്രഷറർ ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര സംസാരിച്ചു.