മുട്ടം: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി) യുടെ ഭാഗമായുള്ള വലതുകര കനാൽ ഇന്ന് രാവിലെ തുറക്കും. ബണ്ടിന്റെ അറ്റകുറ്റപണികൾ നീണ്ട് പോയതോടെയാണ് കനാൽ തുറക്കാൻ വൈകിയത്. പോത്താനിക്കാട് അടക്കമുള്ള മേഖലയിൽ കൃഷിയ്ക്ക് ജലക്ഷാമം അനുഭവപ്പെട്ടതോടെ കരാർ തൊഴിലാളികൾ അധിക സമയം ജോലി ചെയ്താണ് പണികൾ തീർത്തത്.
നേരത്തെ കഴിഞ്ഞ 10ന് ഇടതുകര കനാൽ തുറന്നിരുന്നു. എന്നാൽ ഇടവെട്ടിയിൽ കനാലിന്റെ കോൺക്രീറ്റിങ് ജോലികൾ തീരാതെ വന്നതാണ് വലതുകര തുറക്കാൻ വൈകാൻ കാരണം. ഇടവെട്ടി വനത്തിലും പഞ്ചായത്ത് ഓഫീസിന് സമീപത്തുമാണ് പണികൾ വൈകിയത്. ഇന്നലെ വൈകിട്ടോടെ പഞ്ചായത്തിന് സമീപത്തെ ജോലികൾ തീരുകയായിരുന്നു. ഇതോടെയാണ് ഔദ്യോഗിക അറിയിപ്പ് നൽകാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 10നാകും കനാൽ തുറക്കുക. അറ്റകുറ്റപണിക്കായി കനാലിൽ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങൾ നീക്കാൻ കൂടി സമയം നൽകിയാണ് വെള്ളമൊഴുക്കുക. ഉച്ച കഴിയുമ്പോഴാകും ഇടവെട്ടി ഭാഗത്ത് വെള്ളമെത്തുക.
നാളെയോടെ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. ഇടത്‌വലത് കര എന്നിങ്ങനെ 70 കിലോ മീറ്ററോളം ദൂരമാണ് കനാലൊഴുകുന്നത്. തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട്, ഏനാനെല്ലൂർ, ആനിക്കാട്, രണ്ടാറ്റിൻക്കര വഴി വലത് കര കനാൽ 27 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്.