ഇടുക്കി: ധീരജ് വധക്കേസിൽ സംഭവ സമയത്ത് സ്ഥലത്തില്ലാതിരുന്നവരെയും സംഭവുമായി പുലബന്ധം പോലുമില്ലാത്തവരെയും പ്രതി പട്ടികയിൽ ചേർക്കുകയാണ് പൊലീസെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്. ജനസ്വാധീനമുള്ള യുവനേതാക്കളെ കൊലക്കേസിൽപ്പെടുത്തി പ്രതിച്ഛായ നഷ്ടപ്പെടുത്തി സംഘടനയെ തകർക്കുകയെന്നതാണ് സി.പി.എം അജണ്ട. നീതിയുക്തമല്ലാതെ പൊലീസ് ഇതിന് ഒത്താശ ചെയ്യുകയാണ്. ധീരജിന്റെ സഹപ്രവർത്തകർ വാർത്താ മാദ്ധ്യമങ്ങളിൽ നൽകിയ പ്രതികരണത്തിൽ നിന്ന് നിജസ്ഥിതി പകൽ പോലെ വ്യക്തമാണ്. നീതിപൂർവ്വം അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകുന്നില്ല. സത്യസന്ധമായ അന്വേഷണത്തിന് കോൺഗ്രസും കെ എസ്.യുവും എതിരല്ല. പക്ഷേ,​ പൊലീസ് ഭരണപക്ഷത്തിന്റെ ചട്ടുകമായി മാറുന്നത് അംഗീകരിക്കാനാവില്ല. കോളേജ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലുകളും സാഹചര്യത്തെളിവുകളും മൊബൈൽ ടവർ ലൊക്കേഷനുകളും ഉൾപ്പെടെ കണക്കിലെടുത്ത് ശാസ്ത്രീയമായ അന്വേഷണം നടത്തണം. നിരപരാധികളെ കൊലക്കേസ് പ്രതികളാക്കി നേട്ടമുണ്ടാക്കാനുള്ള നികൃഷ്ട രാഷ്ട്രീയത്തെ നിയമപരമായും സംഘടനാപരമായും നേരിടും. ഇക്കാര്യത്തിൽ കെ.എസ്.യുവിന് കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ പിന്തുണയുമുണ്ടെന്നും ടോണി തോമസ് പറഞ്ഞു.