തൊടുപുഴ: ഏലം വിലയിടിവ് തടയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌പൈസസ് ബോർഡ് ചെയർമാന് നിവേദനം നൽകി. സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയായ ഏലത്തിന്റെ വിലത്തകർച്ച ജില്ലയിലെ മലയോര ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്ന് കിസാൻ സഭ നിവേദനത്തിൽ പറഞ്ഞു. ഭൂമി വാടക, ഉൽപ്പാദന ചെലവ്, തൊഴിലാളി ശമ്പളം എന്നിവ കണക്കാക്കിയാൽ ഇപ്പോൾ കിട്ടുന്ന വില വളരെ കുറവാണ്. അടുത്തകാലത്തുണ്ടായ രാസവളങ്ങളുടെയും കീടനാശിനികളുടെയും അന്യായ മായ വിലവർദ്ധനവ് കാലാവസ്ഥാ വ്യതിയാനം വന്യജീവി ശല്യം ഇവയെല്ലാം ഇതോടൊപ്പം കർഷകരുടെ കൃഷിയെ തകർക്കുകയാണ്. വിലത്തകർച്ച തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെയും സ്‌പൈസസ് ബോർഡിന്റെയും സംയുക്ത ഇടപെലിൽ ഏലത്തിന്റെ വിലത്തകർച്ച തടയാൻ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കുകയും അതിനായി സ്‌പൈസസ് ബോർഡ് മുൻകൈ എടുക്കുകയും വേണം. ഏലയ്ക്കാ ലേലം സ്‌പൈസസ് ബോർഡ് നേരിട്ട് നടത്തുകയും ഒരു കിലോ ഏലക്കായ്ക്ക് 2500 രൂപ തറവില നിശ്ചയിക്കണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു. ഏലക്കായ് ഉൾപ്പടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി സ്‌പൈസസ് ബോർഡ് നേരിട്ട് നടത്തണം. വ്യാപാരികൾക്ക് ആവശ്യമായ ഏലയ്ക്കായ് സ്‌പൈസസ് ബോർഡിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള സംവിധാനം ഏർപ്പെടുത്തുകയും വേണം. ഏലക്കായ് ലേലത്തിനുമാത്രമായി സ്‌പൈസസ് ബോർഡ് നിശ്ചിത തുക മാറ്റി വയ്ക്കുകയും വിപണി വിലയിൽ തകർച്ച ഉണ്ടാകുമ്പോൾ താങ്ങുവില സബ്‌സിഡിയായി നൽകി ഏലം കർഷകരെ സംരക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.കെ. സദാശിവൻ, സെക്രട്ടറി ടി.സി. കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.