
ചെറുതോണി: ധീരജ് വധക്കേസിലെ പ്രതികളെ ഇന്നലെ പൊലീസ് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുക്കുന്നതിനായി ഒന്നാം പ്രതി നിഖിൽ പൈലിയെ രാവിലെ തന്നെ ഇടുക്കി കളക്ടറേറ്റിന് സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് തെളിവെടുത്തു.
കൃത്യത്തിന് ശേഷം ഇയാൾ സഞ്ചരിച്ച വഴികളിലൂടെ പൊലീസ് വാഹനത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇയാളെ വാഹനത്തിൽ നിന്ന് പൊലീസ് പുറത്തിറക്കിയില്ല. കസ്റ്റഡിയിൽ വിട്ടു കൊടുത്ത മറ്റ് പ്രതികളായ ടോണി, നിഥിൻ , ജിധിൻ എന്നിവരെയും ഇന്നലെ പുലർച്ചെ പിടികൂടിയ സോയിമോൻ സണ്ണിയെയും അമൽ ബേബിയെയും ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വൈകിട്ട് അഞ്ച് മണിയോടെ സംഭവം നടന്ന ഇടുക്കി എൻജിനിയറിംഗ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ജില്ലാ പഞ്ചായത്തിന് സമീപം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളിലൊരാളായ ടോണി തേക്കിലകാട് ഒളിച്ചിരുന്ന ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലെത്തി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. ഡിവൈ.എസ്.പി ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ ബി. ജയന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.