patient

 സംഭവം ഇടുക്കി മെഡിക്കൽ കോളേജിൽ

ചെറുതോണി: രാവിലെ മുതൽ വൈകിട്ട് വരെ ഭക്ഷണം പോലും വീൽചെയറിൽ കാത്തിരുന്ന 100 വയസുകാരനെ ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചയച്ച് ഇടുക്കി മെഡിക്കൽ കോളേജ് അധികൃതർ. പഴയരിക്കണ്ടം വെളിയംകുന്നത്ത് നീലാണ്ടൻ ദാമോദരനോടാണ് ആശുപത്രി അധികൃതരുടെ ക്രൂരത. ശസ്ത്രക്രിയയ്ക്കായി ഇന്നലെ രാവിലെ ഒമ്പത് മുതൽ ഓപ്പറേഷൻ തീയറ്ററിന് വെളിയിൽ വീൽചെയറിൽ ഇരുത്തിയതാണ് നീലാണ്ടനെ. എന്നാൽ വൈകിട്ട് നാല് കഴിഞ്ഞപ്പോഴാണ് ഇന്ന് ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നത്. രാവിലെ മുതൽ ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രവും ധരിച്ച് കാത്തിരിക്കുകയായിരുന്നു ഈ വൃദ്ധൻ. ഏറെനേരം ഭക്ഷണം പോലും കഴിക്കാതിരുന്നതോടെ ഇദ്ദേഹം ഏറെ അവശനായി. രോഗിയുടെ ബന്ധുക്കൾ പരാതി പറഞ്ഞപ്പോൾ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ബന്ധുക്കൾ ഇതിന് തയ്യാറാകാതെ സ്വകാര്യ ആശുപത്രിയിലേക്ക് നീലാണ്ടനെ കൊണ്ടുപോയി.