നെടുങ്കണ്ടം: ഏതെങ്കിലും രാജ്യത്തിന്റെ തലസ്ഥാനം ഏതെന്ന് ചോദിച്ചാൽ വൈശാഖിയിൽനിന്ന് ഉടൻ ഉത്തരം ലഭിക്കും. ഇനി ഒരു രാജ്യത്തെ നാണയം ഏതാണെന്ന് ചോദിച്ചാലോ ഉത്തരം ഉടനെത്തും. ഓർമ്മശക്തി കൊണ്ട് അത്ഭുതപെടുത്തുകയാണ് സ്വദേശിയായ വൈശാഖി എന്ന ഒന്നാംക്ളാസുകാരി. 195 ലോകരാജ്യങ്ങളുടേയും പേരും തലസ്ഥാനവും നാണയവുമെല്ലാം ഈ കൊച്ചുമിടുക്കിയ്ക്ക് മനപാഠമാണ്. നമ്മുടെ രാജ്യത്തെ സംബന്ധിയ്ക്കുന്ന പല പൊതു വിവരങ്ങളും ആ നാവിൻതുമ്പിലുണ്ട്.
രാജ്യങ്ങളുടെ പേര് മാത്രമല്ല, ഇന്ത്യയുടെ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും കേരളത്തിലെ ജില്ലകൾ, ദേശീയ ചിഹ്നങ്ങൾ അങ്ങനെപോകുന്നു മനപ്പാഠമാക്കിയ അറിവുകൾ. പച്ചടി എസ്.എൻ.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് വൈശാഖി. കൊവിഡ് പ്രതിസന്ധി മൂലം ഇതുവരേയും സ്‌കൂളിൽ പോകാൻ സാധിച്ചിട്ടില്ല. പക്ഷെ അദ്ധ്യാപകർ ഓൺലൈൻ ക്ലാസുകളിലൂടെ പകർന്ന് നൽകുന്ന പാഠങ്ങൾ പഠിക്കാനും ഹോം വർക്കുകൾ ചെയ്യാനും വൈശാഖി എപ്പോഴും മുൻപന്തിയിലുണ്ട്. കുട്ടികളുടെ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് മാസങ്ങൾക്ക് മുൻപ്, ഓരോ ദിവസം പത്ത് വീതം, പൊതു കാര്യങ്ങൾ പഠിയ്ക്കാൻ അദ്ധ്യാപകർ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് വൈശാഖി ലോകത്തെ കുറിച്ചുള്ള അറിവ് നേടാൻ ആരംഭിച്ചത്.
സ്‌കൂളിൽ പോകാൻ സാധിയ്ക്കാത്തതിനാൽ അദ്ധ്യാപകരുടെ നിർദേശം സ്വീകരിച്ച് അമ്മയുടെ സഹായത്തോടെയാണ് പഠനം. ഇലക്ട്രിക് കടയിലെ സെയിൽസ് മാനായി ജോലി ചെയ്യുന്ന വിഷ്ണുവാണ് പിതാവ്. മാതാവ്: സിന്ധു. മൂന്നു വയസ്സുള്ള വൈഷ്ണവിയും സഹോദരിയാണ്. വൈശാഖി യുടെ മകവിന് മകഴിഞ്ഞ ദിവസം സ്‌കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു.