malinyam


കട്ടപ്പന : വർഷങ്ങളായുള്ള നിരന്തരമായ മാലിന്യ നിക്ഷേപത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് പുളിയൻമല പി. ടി. ആർ നിവാസികൾ.പുളിയൻമല കമ്പമെട്ട് സംസ്ഥാന പാതയിൽ പി ടി ആർ പടിയ്ക്ക് സമീപമാണ് റോഡരികിൽ അനധികൃത മാലിന്യ നിക്ഷേപം പതിവായിരിക്കുന്നത്.ചൊവ്വാഴ്ച്ച രാത്രിയിൽ പതിനഞ്ച് ചാക്ക് കോഴി മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്.മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ നിവേദനം നൽകാനിരിക്കെയാണ് വീണ്ടും മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്.കട്ടപ്പനയിൽ നിന്നും കാഞ്ചിയാറ്റിൽ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് ലോഡ് കയറ്റാൻ പോകുന്ന വാഹനങ്ങളിലാണ് മാലിന്യം എത്തിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും , ആശുപത്രി മാലിന്യങ്ങളും സംസ്ഥാന പാതയോരത്ത് നിരന്തരമായി നിക്ഷേപിക്കുന്നുണ്ട്.കോഴി മാലിന്യങ്ങളുടെ ദുർഗന്ധം വമിക്കുന്നതിനാൽ അടുത്ത് താമസിക്കുന്ന കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് ഏലത്തോട്ടത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് രൂക്ഷമായത്. രാത്രി സമയത്തായതിനാൽ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ രാത്രി മേഖലയിൽ തമ്പടിക്കാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.

* സി സി ടി വി ക്യാമറ സ്ഥാപിക്കും

മാലിന്യ നിക്ഷേപം രൂക്ഷമായ സാഹചര്യത്തിൽ സി സി ടി വി ക്യാമറ സ്ഥാപിക്കാൻ മുൻ കൈയ്യെടുക്കുമെന്ന് വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശെൽവി ശേഖർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഈ വിഷയം പ്രധാന്യത്തോടെ അവതരിപ്പിക്കും. ഒരു മാസം മുൻപ് വൃത്തിയാക്കിയിട്ട സ്ഥലത്താണ് വീണ്ടും മാലിന്യം തള്ളിയിരിക്കുന്നത്. ഇവർ ആരാണെന്ന് വ്യക്തമാക്കിയാൽ പഞ്ചായത്ത് നിയമ നടപടി സ്വീകരിക്കുമെന്നും മെമ്പർ പറഞ്ഞു.