തൊടുപുഴ: പട്ടയപ്രശ്നത്തിന്റെ പേരിൽ ആരെയും കുടിയിറക്കാൻ ഉദ്ദ്യേശിക്കുന്നില്ലന്ന് റവന്യൂമന്ത്രി കെ. രാജൻ ഉറപ്പ് പറയുന്നുണ്ടെങ്കിലും എന്നും പുകയുന്ന നെരിപ്പോടായി മാറിയ പട്ടയവിവാദം ഇടുക്കി ജില്ലയെ പിടിച്ചുലയ്ക്കുകയാണ്. ഒന്നും രണ്ടുമല്ല 530 പട്ടയങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇരുപത്തിമൂന്ന് വർഷം മുമ്പ് അന്നത്തെ ഡപ്യൂട്ടി തഹസീൽദാറെന്ന റവന്യൂവകുപ്പിലെ താരതമ്യേനെ വലിയ ഉദ്യോഗസ്ഥനല്ലാത്തരവീന്ദ്രനെന്ന ആളുടെ പേരിൽ അറിയപ്പെടുന്നവിധം ആ പട്ടയങ്ങൾ മാറി. രവീന്ദ്രൻ പട്ടയങ്ങൾ അന്നും ഇന്നും വിവാദങ്ങളുടെ നടുവിൽത്തന്നെയായിരുന്നു. പശ്ഛിമഘട്ടത്തെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധതെട്ട് ഏറെ പ്രതിസന്ധികൾ നേരിടുന്ന ജില്ലയിൽ അതൊന്ന് കെട്ടടങ്ങിയപോലെ നിൽക്കുമ്പോഴാണ് പുതിയ വിവദം. പട്ടയം റദ്ദാക്കൽ ദുരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നതിനാൽ വിവിധ രാഷ്ട്രീയപാർട്ടികളും ജില്ലാ ഭരണകൂടവും തികഞ്ഞ ജാഗ്രതയോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്.