തൊടുപുഴ: മൂന്നാം കൊവിഡ് തരംഗം തൊടുപുഴ നഗര പരിധിയിലും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ്തല മോണിറ്ററിംഗ് സമിതികൾ പുന:സംഘടിപ്പിച്ച് സജീവമാക്കും. റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ, ജനമൈത്രി പൊലീസ്, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, അങ്കണവാടി അദ്ധ്യാപകർ, ആരോഗ്യ പ്രവർത്തകർ, എസ്.സി/എസ്.ടി പ്രൊമോട്ടർ, ആശാവർക്കർ, വാർഡിൽ താമസിക്കുന്ന സന്നദ്ധരായ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരപരിധിയിലുട നീളം ജാഗ്രതാ നിർദ്ദേശം അനൗൺസ് ചെയ്യും. വീടുകളിലും, ഹാളുകളിലും നടത്തുന്ന വിവാഹം ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകളും, യോഗങ്ങളും നിരീക്ഷിക്കും. വ്യാപാര സ്ഥാപനങ്ങൾ മാനദണ്ഡം പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. നഗരസഭാ ഓഫീസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എ.കരീം എന്നിവർ അറിയിച്ചു.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിച്ച് പൂർത്തിയാക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. ഓടകൾ വൃത്തിയാക്കുന്നതിനും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമുള്ള പ്രവർത്തികൾ ഉടൻ ആരംഭിക്കും. അതത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ്തല സാനിട്ടേഷൻ കമ്മിറ്റികൾ ചേർന്നു പ്രവർത്തനങ്ങൾക്കു രൂപരേഖ തയ്യാറാക്കി മേൽനോട്ടം വഹിക്കും.