നെടുങ്കണ്ടം: താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്ത് സബ് ജയിൽ ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. നിലവിലുള്ള പീരുമേട്, ദേവികുളം സബ്ജയിലുകളിൽ പോകണമെങ്കിൽ 65 ഉം 80 ഉം കി.മീറ്റർ ദൂരം യാത്ര ചെയ്യണം. കട്ടപ്പന,നെടുങ്കണ്ടം കോടതികളുടെ അധികാര പരിധിയിൽ വരുന്ന വിവിധ കേസുകളുമായി ബന്ധപ്പെട്ട റിമാന്റ് ചെയ്യുന്നവരെയും ശിക്ഷിക്കപ്പെടുന്നവരെയും പാർപ്പിക്കണമെങ്കിൽ പീരുമേട്ടിലോ ദേവികുളത്തോ പോകണം. മാത്രമല്ല ഇവരുമായി പോകുന്ന പൊലീസുകാർക്കും ഏറെ ദുരിതമാണ്. മാത്രമല്ല സർക്കാരിനും കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ്. സെഷൻസ് കോടതി അടക്കം കട്ടപ്പനയിലും നെടുങ്കണ്ടത്തുമായി അര ഡസനോളം കോടതി ഉണ്ട്. 60 വർഷമായി പ്രവർത്തിക്കുന്ന കോടതി ഉണ്ട്. ഇവിടങ്ങളിൽ എല്ലാം നിരവധി കേസുകളുമുണ്ട്. എന്നാൽ പ്രതികളെ പാർപ്പിക്കാൻ സ്വകാര്യ ബസുകളിൽ കയറ്റി വേണം കൊണ്ടുപോകാൻ മാത്രവുമല്ല രണ്ട് ബസുകളും മറ്റും മാറികയറണം. ഇത് പലപ്പോഴും പൊലീസുകാർക്ക് ഏറെ ദുരിതമാകാറുണ്ട്. നെടുങ്കണ്ടത്ത് സബ് ജയിൽ ആരംഭിച്ചാൽ ഇത് പരിഹരിക്കാനാവും. സ്ഥലം കണ്ടെത്തി നൽകിയാൽ കെട്ടിടമടക്കം ഏല്ലാ അനുബന്ധ കാര്യങ്ങളും ചെയ്യാൻ ജയിൽ വകുപ്പ് തയ്യാറാണെന്ന് ജില്ല ജയിൽ സൂപ്രണ്ട് അറിയിച്ചിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ റവന്യൂ വകുപ്പിന് സ്ഥലം കാടുപിടിച്ച് കിടപ്പുണ്ട്. എന്നാൽ സ്ഥലം ഏറ്റെടുത്ത് നൽകാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. പഞ്ചായത്ത് റസലൂഷൻ പാസാക്കി ജനകീയ കമ്മറ്റി രൂപവത്ക്കരിച്ച സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് ഒരു വർഷം മുമ്പ് പഞ്ചായത്ത് പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ജയിൽ വകുപ്പ് തുടർ നടപടി ചെയ്യാൻ തയ്യാറാണ്.