മുട്ടം: ജില്ലാ കോടതി റോഡിലുള്ള പാലത്തിന്റെ വീതി കൂട്ടുകയോ, പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാലം നിർമ്മിക്കാനോ അധികൃതർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. പാലത്തിന്റെ വീതിക്കുറവ് അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. പാലത്തിലൂടെ മിക്കവാറും സമയങ്ങളിൽ വാഹനങ്ങൾ കടന്ന് വരുന്നതിനാൽ ഇത്‌ വഴിയുള്ള കാൽ നട യാത്രികർക്കാണ് ഏറെ പ്രശ്നം. റോഡിന്റെ ഇരു വശങ്ങളിൽ നിന്നും വാഹനങ്ങൾ കടന്ന് വരുമ്പോൾ കാൽ നട യാത്രക്കാർക്ക് ഇടുങ്ങിയ പാലത്തിൽ നിൽക്കാൻ പോലും സ്ഥല സൗകര്യം ഇല്ല. രാവിലെ കോടതിയിൽ കൃത്യ സമയത്ത് എത്തിച്ചേരാനുള്ള പൊതുജനത്തിന്റെയും ജഡ്ജുമാർ, വക്കീലന്മാർ, പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളും വേഗതയിലാണ് കോടതി റൂട്ടിൽ പോകുന്നത്. രാവിലെ 10.50 മുതൽ 11.10 വരെയുള്ള സമയത്താണ് കോടതി റൂട്ടിൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ. ഇത്‌ സംബന്ധിച്ച് വ്യാപകമായ ആക്ഷേപവും ഏറെ നാളുകളായിട്ടുള്ളതാണ്. ജില്ലാ കോടതി ഉൾപ്പെടെ പതിനാറോളം കോടതികൾ പ്രവർത്തിക്കുന്ന കോടതി സമുച്ചയം, ജില്ലാ ജയിൽ, ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജ്, ഐ എച്ച് ആർ ഡിയുടെ കോളേജ് - ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, ജില്ലാ ഹോമിയോ ആശുപത്രി, വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ, വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യോറോ ഓഫീസ്, സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ റീജിനൽ ഓഫീസ്, ജില്ലാ നിർമ്മിതി കേന്ദ്രം, 20 ൽപരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വ്യവസായ പ്ലോട്ട്, സ്വകാര്യ ഫ്‌ളൈവുഡ് വുഡ് കമ്പനി, ക്രമ്പ് റബ്ബർ ഫാക്ടറി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള ആളുകളും ജീവനക്കാരും നിത്യവും ഉപയോഗിക്കുന്നതാണ് കോടതിക്ക് സമീപത്തുള്ള പാലം. പാലത്തിന്റെ വീതിക്കുറവിനെ തുടർന്ന് വാഹനങ്ങൾ ഇവിടെ കുടുങ്ങി കിടക്കുന്നതും പതിവാണ്. ഇതേ തുടർന്ന് ചിലയവസരങ്ങളിൽ വാഹന യാത്രക്കാർ തമ്മിൽ വാക്കേറ്റങ്ങളും ഉണ്ടാകാറുണ്ട്.