തൊടുപുഴ: വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യു വകുപ്പ് തീരുമാനം ഏറ്റവുമധികം തിരിച്ചടിയാവുന്നത് ഈ മേഖലയിൽ അനധികൃതമായി കെട്ടിപ്പൊക്കിയ വൻകിട റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും. ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലായി 530 പട്ടയങ്ങളാണ് അന്നത്തെ അഡിഷണൽ തഹസിൽദാരായിരുന്ന എം.ഐ രവീന്ദ്രൻ നൽകിയത്. ഇതിൽ ഭൂരിഭാഗവും മൂന്നാർ ഇക്കാ നഗറിലാണ്. മുപ്പതോളം വൻകിട റിസോർട്ടുകളും ഹോട്ടലുകളുമാണ് ഈ മേഖലയിൽ മാത്രമുള്ളത്. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന അഞ്ചുനില കെട്ടിടം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

ഇക്കാനഗർ കഴിഞ്ഞാൽ രവീന്ദ്രൻ പട്ടയമേറെയുള്ളത് പള്ളിവാസൽ, ചിന്നക്കനാൽ, ആനവിരട്ടി പ്രദേശങ്ങളിലാണ്. വീടുവയ്ക്കാനും കൃഷി ചെയ്യാനും മാത്രം അവകാശമുള്ള ഈ പട്ടയ ഭൂമിയിലേറെയും ഇപ്പോൾ വൻകിട റിസോർട്ടുകളാണ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരടക്കം ഭൂമി കൈയേറി പട്ടയം നേടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. 45 ദിവസത്തിനുള്ളിൽ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദാക്കാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനുമാണ് ഉത്തരവ്. എന്നാൽ, കൃഷി ചെയ്യാനും വീടുവയ്ക്കാനും നൽകിയ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചവരുടെ പട്ടയം റദ്ദാക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കിൽ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന്റെ പട്ടയവും റദ്ദാക്കേണ്ടി വരും. സി.പി.ഐയുടെ മൂന്നാറിലെ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ പിൻവശത്തുള്ള പത്ത് സെന്റ് രവീന്ദ്രൻ പട്ടയമായിരുന്നു. എന്നാൽ പാർട്ടി ആവശ്യപ്രകാരം ഈ പട്ടയം നേരത്തെ റദ്ദാക്കി. രവീന്ദ്രൻ പട്ടയം റദ്ദാക്കി എല്ലാവർക്കും പുതിയ പട്ടയം നൽകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂന്നാർ നിവാസികൾക്ക് ഇടതുപക്ഷനേതാക്കൾ ഉറപ്പ് നൽകിയിരുന്നു. അതേസമയം, രവീന്ദ്രൻ പട്ടയം കൈവശമുള്ള റിസോർട്ട് ഉടമകൾ കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.

സാധാരണക്കാർക്ക് ആശങ്ക

രവീന്ദ്രൻ പട്ടയം കൈവശമുള്ള സാധാരണക്കാരുണ്ട്. കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് ഇവർക്ക്. ഇവരിൽ പലരും പട്ടയഭൂമി പണയപ്പെടുത്തി മൂന്നാറിലെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്.

'' ഇന്നലെയാണ് സർക്കാർ ഉത്തരവ് ലഭിച്ചത്. വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ച് അടുത്ത ദിവസം തന്നെ പട്ടയങ്ങൾ പരിശോധിക്കും. 45 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാനാകും. ഏതൊക്കെ പട്ടയങ്ങൾ റദ്ദാക്കുമെന്ന് ഇപ്പോൾ പറയാനാകില്ല.

-ഷീബാ ജോർജ് , ഇടുക്കി ജില്ലാ കളക്ടർ