 
കട്ടപ്പന : അയ്യപ്പൻകോവിൽ തൂക്കുപാലത്തിനോട്‌ചേർന്ന് സമാന്തരകോൺക്രീറ്റ് പാലം നിർമ്മിക്കാനുള്ള നീക്കംവേഗത്തിലായി. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ വഴി യഥാർത്ഥ്യത്തിലേയ്ക്ക് കടന്നിരിക്കുന്നത്. ഡെപ്യൂട്ടി കളക്ടറുടെ നിർദ്ദേശപ്രകാരം അയ്യപ്പൻകോവിൽ,കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ സ്ഥലം സന്ദർശിച്ചു. ഇരു പഞ്ചായത്തുകളും ഡെപ്യൂട്ടി കളക്ടർക്ക് റിപ്പോർട്ട് നൽകിയാൽ പിഡബ്ല്യൂഡി ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥർ കണക്കെടുപ്പ് ആരംഭിക്കും.കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്‌കോൺക്രീറ്റ് പാലം നിർമ്മിക്കാനുള്ള പ്രരംഭ നടപടികൾ ആരംഭിച്ചിരുന്നു. പൈലിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെ എൽ ഡി എഫ് അധികാരത്തിലെത്തുകയും വിവിധ പദ്ധതികൾ ഉപേക്ഷിക്കപ്പെട്ട കൂട്ടത്തിൽ പാലവുംവേണ്ടെന്ന് വച്ചു. പിന്നീട് സ്ഥലവാസികൾ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയാണ് പാലം നിർമ്മാണം പുനരുജ്ജീവിക്കാൻ ഇടയാക്കിയത്. പൊതുമരാമത്ത് വകുപ്പ് കണക്കെടുപ്പ് പൂർത്തിയാക്കിയാൽ ഉടൻ തന്നെ ഡെപ്യൂട്ടി കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും .ഇതിന്‌ശേഷമാകും പാലം നിർമ്മാണത്തിന് സർക്കാർ തുക അനുവദിക്കുക.
• അക്കരെയെത്താൻ ആശ്രയം തൂക്കുപാലം
ജലാശയത്തിന് അക്കരെ കാഞ്ചിയാർ പഞ്ചായത്തിലും ഇക്കരെ അയപ്പൻകോവിൽ പഞ്ചായത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ആദിവാസികളും സാധാരണക്കാരുമടക്കം നൂറിലധികം കുടുംബങ്ങൾ മറുകരെ കഴിയുന്നുണ്ട്. മൺസൂൺ കാലത്ത് ജലനിരപ്പ് ഉയർന്നാൽ വാഹനം കടന്ന്‌പോകുന്ന കൊച്ചു പാലം വെള്ളത്തിനടിയിലാകും.പിന്നീട് മറുകരയിൽ വാഹനം എത്തിക്കണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി വരണം.ഈ സാഹചര്യത്തിലാണ് സമാന്തര പാലത്തിന് പ്രധാന്യമേറിയത്. നാട്ടുകാർക്ക് അക്കരെ നടന്ന് എത്താൻ തൂക്കുപാലം ഉണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഈ പാലം അപകടാവസ്ഥയിലാണ്.