തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങൾക്ക് പരാതി നൽകാനുള്ള സമയപരിധി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ഇതു സംബന്ധിച്ച് കഴിഞ്ഞ് 19നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഈ തിയതി മുതൽ 60 ദിവസത്തിനകം ജനങ്ങൾക്ക് പരാതി സമർപ്പിക്കാം. ജനങ്ങളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മാസ്റ്റർ പ്ലാൻ വിഷയത്തിൽ ഇതോടെ താത്ക്കാലികാശ്വാസമായി. മാസ്റ്റർ പ്ലാൻ മരവിപ്പിക്കണമെന്നും പരാതി നൽകാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി വകുപ്പു മന്ത്രിയ്ക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകാനുള്ള സമയ പരിധി രണ്ടു മാസം കൂടി നീട്ടിയിരിക്കുന്നത്. കൂടാതെ കോവിഡ് കാലമായതിനാൽ പൊതുവായ ചർച്ചകളോ യോഗങ്ങളോ നടത്താൻ കഴിയാത്ത സാഹചര്യം നില് നിൽക്കുന്നതിനാൽ ഇക്കാര്യം പരിഗണിച്ച് സമയം ദീർഘിപ്പിച്ചു നൽകാമെന്ന് ഇടുക്കി ടൗൺ പ്ലാനറും സർക്കാരിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് മാസ്റ്റർ പ്ലാൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി നൽകാൻ 60 ദിവസം നൽകിയിരുന്നെങ്കിലും ഇതിനായുള്ള നടപടികൾ സ്വീകരിച്ചത് 45 ദിവസം പിന്നിട്ടതിനു ശേഷമായിരുന്നുവെന്നാണ് പരാതി. അതിനാൽ മാസ്റ്റർ പ്ലാൻ ശരിയായ രീതിയിൽ പരിശോധിച്ച് പരാതി സമർപ്പിക്കാൻ ജനങ്ങൾക്കായില്ല. ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ സംബന്ധിച്ച് നഗരസഭയിലെ കൂടുതൽ പേർക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. അതിനാൽ പരാതി നൽകാൻ ലഭിച്ച കാലയളവിൽ കുറച്ചു പേർ മാത്രമാണ് പരാതി നൽകിയത്.