തൊടുപുഴ: അതീവ ദുർബല അവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സംസ്ഥാന പ്രസിഡന്റ് അഡ്വ. റസൽ ജോയി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിനെ പിന്തുണച്ച് കേരള സർക്കാർ അടിയന്തരമായി സത്യവാങ്മൂലം നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഡാം ദുർബലമല്ലെന്ന നിലപാടാണ് തമിഴ്നാട് തുടക്കം മുതൽ സ്വീകരിക്കുന്നത്. 2017ൽ അഡ്വ. റസൽ ജോയ് സുപ്രീംകോടതിയിൽ നൽകിയ കേസിൽ കേരള സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് മൂലം കേസ് നിരസിക്കുകയായിരുന്നു. ഉടനെ തന്നെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന കേസിലെ പൊതുതാത്പര്യ ഹർജി അടിയന്തര പ്രാധാന്യത്തോടെ സുപ്രീംകോടതി പരിഗണിക്കണമെന്നും പരിശോധനയ്ക്ക് ആവശ്യമായ ചെലവ് പൂർണമായും സംസ്ഥാനം വഹിക്കുന്നതാണെന്നും സർക്കാർ ആവശ്യപ്പെടണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് എം.പി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കത്തയച്ചു.