തൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾ ഒന്നടങ്കം റദ്ദാക്കിയതിന്റെ മറവിൽ സാധാരണക്കാരായ കുടിയേറ്റ കർഷകരെ ദ്രോഹിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി. വൻകിട കൈയേറ്റക്കാർക്കും റിസോർട്ട് മാഫിയക്കുമെതിരെ നടപടിയെടുക്കേണ്ടതിന് പകരം എല്ലാ പട്ടയങ്ങളും റദ്ദാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ട്. കൈയേറ്റവും കുടിയേറ്റവും വേർതിരിച്ച് വേണം പട്ടയത്തിൽ തുടർ നടപടി സ്വീകരിക്കാൻ. നിയമവിധേയമായിട്ടല്ലാതെ പട്ടയം കരസ്ഥമാക്കി ഭൂമി കൈവശം വച്ച് പാർട്ടി ഓഫീസുകളടക്കം നിർമ്മിച്ചവരെ സഹായിക്കാനാണ് സർക്കാർ നീക്കം. സി.പി.എം ഓഫീസ് തൊടാൻ അനുവദിക്കില്ലന്ന മുൻ മന്ത്രി എം.എം. മണിയുടെ വെല്ലുവിളി ഇതാണ് സൂചിപ്പിക്കുന്നത്. വീണ്ടും പുതിയ അപേക്ഷകൾ ക്ഷണിച്ച് അഴിമതിക്ക് കളമൊരുക്കുകയാണ് സർക്കാർ. ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അർഹരായവർക്ക് രവീന്ദ്രൻ പട്ടയം ക്രമപ്പെടുത്തി നൽകി ഏറെക്കാലമായി തുടരുന്ന ഈ വിഷയത്തിലെ അവ്യക്തത അവസാനിപ്പിക്കണമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജന. സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് എന്നിവർ ആവശ്യപ്പെട്ടു.