തൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ റവന്യൂ വകുപ്പ് ഉത്തരവിനെതിരെ വീണ്ടും സി.പി.ഐ ജില്ലാ നേതൃത്വം. 1999ൽ പട്ടയമേളയിൽ വിതരണം ചെയ്ത 530 പട്ടയങ്ങൾ ഒറ്റയടിക്ക് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത് ജില്ലയിലെ ഭൂവിഷയങ്ങൾ കൂടുതൽ സങ്കീർണമാകാൻ ഇടവരുത്തന്നതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. പട്ടയങ്ങൾ റദ്ദാക്കിയ നടപടി കൃഷിക്കാരെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. ഭൂ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കരുത്. 530 പട്ടയങ്ങളും ഭൂ പതിവ് കമ്മിറ്റി പരിശോധിച്ചതും കളക്ടർ അംഗീകരിച്ചതുമാണ്. ഈ പട്ടയത്തിൽ ഒപ്പിടാൻ അഡീഷ്ണൽ തഹസീൽദാരുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസീൽദാർ എൻ. രവീന്ദ്രനെ ചുമതലപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ പ്രത്യേക ഉത്തരവും ഇറക്കിയിട്ടുള്ളതാണ്. 1999ൽ തൊടുപുഴയിൽ നടന്ന പട്ടയമേളയിൽ അന്നത്തെ റവന്യൂ മന്ത്രി കെ.ഇ ഇസ്മായിലാണ് പട്ടയ വിതരണം നടത്തിയത്. ഓരോ പട്ടയവും പ്രത്യേകം പരിശോധിച്ച് കള്ള പട്ടയമാണെന്ന് കണ്ടെത്തുന്നവ റദ്ദാക്കുകയാണ് വേണ്ടത്. അന്ന് പട്ടയം ലഭിച്ച പലരും മരിച്ചു പോയിട്ടുള്ളതും കുറയെപേർ പട്ടയ വസ്തു വിറ്റ് താമസം തന്നെ മാറ്റിയിട്ടുമുള്ളതാണ്. 23 വർഷം കഴിഞ്ഞ് എടുത്ത തീരുമാനം ദൗർഭാഗ്യകരമാണ്. ജില്ലയിൽ പരിഹാരം കണ്ടെത്തേണ്ട പ്രശ്‌നങ്ങൾ ഇനിയുമുണ്ട്. അടിമാലിയിലെ വൃന്ദാവൻ ലോഡ്ജിലിരുന്ന് ചില റവന്യൂ ഉദ്യേഗസ്ഥന്മാരും ഭൂ മാഫിയ വമ്പന്മാരും ചേർന്ന് ക്യത്രിമരേഖകൾ ഉണ്ടാക്കി നൂറുകണക്കിന് കള്ളപട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. പള്ളിവാസൽ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ഈ കള്ള പട്ടയഭൂമിയിൽ ഏലത്തോട്ടങ്ങളും കേറ്ററിംഗ് കോളജുകളും എല്ലാം നിർമ്മിച്ച് പ്രവർത്തിക്കുന്നുണ്ട്. 1996ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പാണ് ഇതെല്ലാം ഉണ്ടായിട്ടുള്ളത്. ഈ പട്ടയങ്ങളാണ് ആദ്യം റദ്ദാക്കേണ്ടത്. എന്നാൽ അതിനുള്ള യാതൊരുനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കുറിഞ്ഞി സാങ്ച്വറിയുടെ അതിർത്തി ഇതുവരെ പുനർനിർണ്ണയിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ വട്ടവട പഞ്ചായത്തിൽ പട്ടയ നടപടികൾ ആരംഭിച്ചിട്ടില്ല. കള്ള പട്ടയങ്ങൾ കണ്ടെത്താത്തതുകൊണ്ട് ചിന്നക്കനാൽ പഞ്ചായത്തിലും പട്ടയ നടപടികൾ ആരംഭിക്കാനായിട്ടില്ല.അടിയന്തര പരിഹാരം കാണേണ്ട ഇത്തരം വിഷയങ്ങൾ സമയ ബന്ധിതമായി പരിഹരിക്കേണ്ട നടപടികൾ ആരംഭിക്കണമെന്നും ശിവരാമൻ പറഞ്ഞു.