ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു. അടുത്ത രണ്ട് ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. കടകൾ, മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം നിരോധിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഇത് പരിശോധിക്കും. ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഇന്നലെ മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ മാത്രമാക്കി. സ്‌പെഷ്യൽ സ്‌കൂളുകൾക്ക് ഇത് ബാധകമായിരിക്കില്ല. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മതസാമുദായിക, പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.
ഞായറാഴ്ച അടിയന്തര സേവനങ്ങൾ, അത്യാവശ്യ സർവീസുകൾ, 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലുള്ളവർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. രോഗികൾ അവരുടെ സഹായികൾ, വാക്‌സിനേഷൻ എടുക്കാനുള്ള ആളുകൾ, അടിയന്തര കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ എന്നിവർക്ക് ആശുപത്രിയിൽ നിന്നുള്ള രേഖകളോ, വാക്‌സിനേഷൻ വിവരങ്ങളോ കാണിച്ച് യാത്ര ചെയ്യാം.
ദീർഘദൂര ബസ് സർവീസുകൾ അനുവദിക്കും. വിമാനത്താവളങ്ങൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകുന്ന പൊതു ഗതാഗതം, ചരക്ക് വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ടാക്‌സികൾ എന്നിവ അനുവദിക്കും. വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യുന്ന വർക്ക് ഷോപ്പുകൾക്ക് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിനോദ സഞ്ചാരികൾക്ക് സ്റ്റേ വൗച്ചർ രേഖകൾ കൈവശമുണ്ടെങ്കിൽ കാറിലോ ടാക്‌സിയിലോ യാത്ര ചെയ്ത് ഹോട്ടലിലോ റിസോർട്ടിലോ താമസിക്കാം.
ഇവ ഏഴ് മുതൽ ഒമ്പത് വരെ
ഞായറാഴ്ച ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, കള്ള്, മത്സ്യം, ഇറച്ചി, മീൻ എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലുകൾ, ബേക്കറികൾ എന്നിവ ഹോംഡെലിവറിയോ പാഴ്സൽ വിതരണമോ മാത്രമായി രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഇ- കൊമേഴ്‌സ്, കൊറിയർ കമ്പനികൾക്ക് ഹോം ഡെലിവെറിക്കായി രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.
കളക്ട്രേറ്റിലും നിയന്ത്രണം
കളക്ട്രേറ്റിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കളക്ട്രേറ്റിലേയ്ക്ക് പൊതുജനങ്ങൾ എത്തുന്നതിൽ ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര പ്രാധാന്യമുള്ള പരാതികൾ ഫ്രണ്ട് ഓഫീസിൽ നൽകാം. മറ്റ് ആവശ്യങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം. 04862 232242.