തൊടുപുഴ: യുവതിയുടെ ഗർഭപാത്രത്തിൽ വളർന്ന് വന്ന ആറ്കിലോ ഭാരമുള്ള മുഴ തൊടുപുഴ ചാഴികാട്ട് മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മൂവാറ്റുപുഴ കദളിക്കാട് സ്വദേശിനിയായ യുവതിയെ കടുത്ത വയറു വേദനയും രക്തസ്രാവവുമായി തിങ്കളാഴ്ചയാണ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മീന സോമൻ നടത്തിയ പരിശോധനയിൽ ഗർഭപാത്രത്തിനുള്ളിൽ നിന്ന് ക്രമാതീതമായി പുറത്തേയ്ക്ക് വളർന്ന മുഴയും ഗർഭപാത്രത്തിൽ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മറ്റു മുഴകളും കണ്ടെത്തുകയായിരുന്നു. അടിയന്തമായി ശാസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചപ്പോൾ കേരളത്തിലെ പല ആശുപത്രികളിലും നടത്തിയ പരിശോധനകളിൽ നിന്നും കരൾ സംബന്ധമായ രോഗത്തിന് യുവതി ചികിത്സയിലുള്ളതിനാൽ ആശുപത്രി അധികൃതർ ശാസ്ത്രക്രിയ വിസമ്മതിക്കുകയായിരുന്നുവെന്ന് ഡോക്ടറോട് വെളിപ്പെടുത്തി. തുടർന്ന് ഡോ. മീന സോമൻ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോ. മാത്യു ചൂരയ്ക്കനോട് അഭിപ്രായം തേടുകയും വിശദ പരിശോധനയിൽ നിന്നു ശസ്ത്രക്രിയ നടത്താം എന്നു തീരുമാനിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ ഡോ. മീന സോമന്റെ നേതൃത്വത്തിൽ ഡോ. ടോമി മാത്യു (ജനറൽ സർജറി) ഡോ. മാത്യൂസ് ജെ. ചൂരയ്ക്കൻ (ഗ്യാസ്‌ട്രോഎന്ററോളജി) ഡോ. എലിസബത്ത് (ഗൈനക്കോളജി) ഡോ. രഞ്ജിത്ത്, ഡോ. സുനിൽ (അനസ്ഥേഷ്യ) എന്നിവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ ഏകദേശം 3 മണിക്കൂർ കൊണ്ട് ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. പൂർവാരോഗ്യം പ്രാപിച്ചു വരുന്ന യുവതി ഇപ്പോൾ വിശ്രമത്തിലാണ്. .