കട്ടപ്പന: കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ എസ്.സി- എസ്.ടി വിഭാഗക്കാർക്കായി സർക്കാർ അനുവദിച്ച തുക വിനിയോഗിക്കുന്നതിൽ കട്ടപ്പന നഗരസഭ ഭരണസമിതി പരാജയപ്പെട്ടെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്ന് കൗൺസിൽ യോഗത്തിൽ ബഹളം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അനാസ്ഥയാണ് ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കാൻ പറ്റാത്തതിന് കാരണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. അർഹതപ്പെട്ടവരുടെ ലിസ്റ്റ് ലഭിച്ചിട്ടില്ലെന്ന് പ്ലാനിംഗ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. അതേസമയം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മനോജ് മുരളി കൗൺസിലിൽ പങ്കെടുത്തില്ല. 2020- 21 സാമ്പത്തിക വർഷത്തിൽ എസ്.സി- എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് നൽകാനായി 10 ലാപ്‌ടോപ്പുകളാണ് വാങ്ങിയത്. 2021- 22 സാമ്പത്തിക വർഷത്തിൽ 14 ലാപ്‌ടോപ്പുകളും വാങ്ങി. എന്നാൽ 34 വാർഡുകളിൽ നിന്ന് അപേക്ഷ നൽകിയവരിൽ നിന്ന് അർഹരായവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അഞ്ച് എസ്.ടി കുടുംബങ്ങൾക്ക് വീട് നവീകരണത്തിനായി അനുവദിച്ച തുകയും വിനിയോഗിച്ചിട്ടില്ല. ഏഴ് ഷീ ഓട്ടോകൾ, അംഗപരിമിതർക്കുള്ള ഒമ്പത് മുച്ചക്ര വാഹനങ്ങൾ എന്നിവ നൽകുന്നതിനുള്ള പട്ടികയും ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ ലാപ്‌ടോപ്പുകൾ ആറ് മാസമായി പൊടി പിടിച്ചിരിക്കുകയാണെന്നും കൗൺസിലർമാർ പറയുന്നു. എസ്.ടി കുടുംബങ്ങളുടെ വീട് നവീകരണത്തിനായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മാർച്ചിന് മുമ്പായി വിനിയോഗിച്ചില്ലെങ്കിൽ ഈ പണം നഷ്ടമാകും. അതേ സമയം പി.എം.എ.വൈ ഹഡ്‌കോ ലോണിനത്തിൽ നൽകേണ്ട തുക എസ്.സി ഫണ്ടിൽ നിന്ന് 2,80,000 രൂപയും എസ്.ടി ഫണ്ടിൽ നിന്ന് 26,666 രൂപയും കുറവ് ചെയ്തു. ഇപ്രകാരം നിലവിലെ പദ്ധതികൾ ഭേദഗതി ചെയ്യണമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിർദ്ദേശമുണ്ട്. മുന്നൂറോളം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ നിന്ന് ഏറ്റവും അർഹരായവരെ കണ്ടെത്താനെടുത്ത കാലതാമസം മാത്രമാണുണ്ടായതെന്നും ലാപ്ടോപ്പുകൾ ഈ മാസം തന്നെ വിതരണം ചെയ്യുമെന്നുമാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ വിശദീകരണം.