obit-ps-sidhardhan

തൊടുപുഴ : കോൺഗ്രസ് നേതാവും വണ്ണപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പാറയ്ക്കൽ പി.എസ്. സിദ്ധാർത്ഥൻ (61) നിര്യാതനായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് മെമ്പറെ കൂട്ടി കാറിൽ ആശുപത്രിയിലേക്ക് പോകുംവഴി കാളിയാർ പള്ളിക്കവലയിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി തൊടുപുഴ റീജീയണൽ കമ്മിറ്റി പ്രസിഡന്റ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, ഹെഡ് ലോഡ് ആന്റ് ടിംബർ വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ്. ഭാര്യ: ബീന വണ്ണപ്പുറം കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: ശ്രീജിത്ത് (സൗദി), ശ്രീകാന്ത്. മരുമകൾ: ചിക്കു (കോട്ടയം). സംസ്‌കാരം പിന്നീട്.