തൊടുപുഴ: സ്‌പൈസസ് ബോർഡ് ആക്ടും റബർ ആക്ടും ഭേദഗതി ചെയ്യുന്നതിന് കരട് തയ്യാറാക്കിയതിന്മേൽ കർഷകരുടേയും പൊതുജനങ്ങളുടെയും അഭിപ്രായം രേഖപ്പെടുത്തുന്നതിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിന് കത്ത് അയച്ചതായി ഡീൻ കുര്യാക്കോസ് എം. പി. അറിയിച്ചു. വളരെ ചെറിയ സമയമാണ് അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ലഭിച്ചത്. ധാരാളം കൃഷിക്കാരും സംഘടനകളും അവരുടെ ആശങ്കകൾ നേരിൽ അറിയിച്ചിട്ടുണ്ടെന്നും സമയം നീട്ടി നൽകേണ്ടത് അനിവാര്യമാണെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഏലം കർഷകരുടെയും റബർ കർഷകരുടെയും താത്പര്യങ്ങൾക്കു വിരുദ്ധമായി നിയമനിർമാണം അനുവദിക്കരുതെന്നും അന്താരാഷ്ട്ര കരാറുകൾ ഉൾപ്പെടെ വിലയിടിച്ചു താഴ്ത്തുന്ന പ്രവണത ഒഴിവാക്കി കർഷക താൽപര്യം മുൻനിർത്തി കാലഘട്ടത്തിന് അനുസൃതമായ നിയമനിർമ്മാണം നടത്തണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. ഏലം മേഖലയിലെ വിലയിടിവിന് പരിഹാരവും കർഷകർക്ക് ഉത്പ്പാദന പ്രോത്സാഹനവും ലഭ്യമാകുന്ന വിധത്തിൽ ആക്ട് ക്രമീകരിക്കപ്പെടണം. ഗുണനിലവാരവും ഉയർന്ന വിലയും ഉറപ്പുവരുത്തിയും വിപണന രംഗത്തെ തെറ്റായ പ്രവണതകൾ ഒഴിവാക്കിയും ഏലം കർഷകരെ സഹായിക്കുന്ന നിബന്ധനകൾ ഉൾപ്പെടുത്തണമെന്നും എം പി കത്തിൽ ആവശ്യപ്പെട്ടു. ഏലം, റബ്ബർ രംഗത്തെ വിദഗ്ദ്ധർ ഉൾപ്പെടെ എല്ലാവരുമായും തുറന്ന ചർച്ചയിലൂടെ അഭിപ്രായരൂപീകരണം നടത്തിയേ ബിൽ അവതരിപ്പിക്കാവു എന്നും എം. പി. കത്തിൽ ആവശ്യപ്പെട്ടു.