ഇടുക്കി: മൂന്നാറിൽ 21 വർഷം മുമ്പ് സർക്കാർ നൽകിയ 532 പട്ടയങ്ങൾ റദ്ദാക്കുന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കൃഷ്ണൻ പറഞ്ഞു. വർഷങ്ങളായി സ്വന്തം വാസസ്ഥലത്തിനും കൃഷിയിടത്തിനും പട്ടയം ലഭിക്കാനുള്ള അപേക്ഷയുമായി കാത്തിരിക്കുന്ന ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയൊരു തിരിച്ചടിയാണ്. പതിറ്റാണ്ടുകളായി കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം ലഭിക്കാത്തതുമൂലം ലോൺ എടുക്കുന്നതിനോ, ക്രയവിക്രയം നടത്തുന്നതിനോ, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഈ വിഷയം പരിഹരിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇന്നും ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പട്ടയം ഒരു കിട്ടാക്കനിയാണ്. അതിനു പരിഹാരം ഉണ്ടാക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഒത്തൊരുമയോടെയുള്ള ഒരു പ്രവർത്തനം വേണമെന്നും ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി യോഗം സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടയ പ്രശനം പരിഹരിക്കാത്ത പക്ഷം സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും ഷൈൻ കൃഷ്ണൻ പറഞ്ഞു.