ചെറുതോണി: ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്‌.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇരുവരെയും പീരുമേട് സബ് ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലായിരുന്ന ഒന്നും രണ്ടും പ്രതികളായ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കേസിലെ നിർണായക തെളിവായ കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ ഇരുവരുടെയും കസ്റ്റഡി അപേക്ഷ നീട്ടണമെന്നായിരുന്നു പൊലീസ് ആവശ്യം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥതലവന് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നതോടെ ആവശ്യം പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഒന്നാം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കേസിലെ നാലും ആറും പ്രതികളുടെ കസ്റ്റഡി അപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.