elam
വേനൽ ചൂട് കഠിനമായതോടെ ഏലത്തോട്ടങ്ങളിൽ തണലിനായി ഗ്രീൻ നെറ്റുകൾ വിരിച്ചിരിക്കുന്നു.

കട്ടപ്പന: മധ്യവേനൽ എത്തുന്നതിന് മുൻപേ ചൂടിന്റെ കാഠിന്യം വർധിച്ചത് കാർഷിക മേഖലയെ ആശങ്കയിലാക്കുന്നു. തുടരെ ലഭിച്ച മഴയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലേതിന് സമാനമായ അതികഠിനമായ ചൂടാണ് ഹൈറേഞ്ചിൽ അനുഭവപ്പെടുന്നത്. പൊതുവേ തണുപ്പൻ കാലാവസ്ഥ ആവശ്യമായ ഏലം ഉൾപ്പെടുന്ന നാണ്യവിളകൾ കനത്ത ചൂടിൽ ഉണങ്ങി നശിക്കുമോയെന്ന ആശങ്കയാണ് കർഷകർക്കുള്ളത്. വിലയില്ലെങ്കിലും ഈ സാഹചര്യത്തിൽ വിളകളെ സംരക്ഷിക്കാൻ ഗ്രീൻ നെറ്റ് അടക്കമുള്ള വസ്തുക്കൾ തണലിനായി തോട്ടങ്ങളിൽ വിരിച്ചു തുടങ്ങി. രാത്രികാലങ്ങളിൽ അതിശൈത്യമാണ് ഹൈറേഞ്ചിൽ പലയിടത്തും അനുഭവപ്പെടുന്നത്. രണ്ടുതരം കാലാവസ്ഥയേൽക്കുന്നതും കാർഷിക വിളകളുടെ ഉത്പാദനത്തെ ബാധിക്കും. ഡിസംബർ ആദ്യവാരം മഴക്കൂടുതൽ മൂലം ചെടികളുടെ വേരുകൾ ചീയുന്നത് വ്യാപകമായിരുന്നു. ഇത് ശമിക്കുന്നതിനിടയിലാണ് അതി കഠിനമായ ചൂടിൽ മണ്ണിലെ ഈർപ്പം നഷ്ടപ്പെട്ട് കൃഷികൾ കരിഞ്ഞുണങ്ങി തുടങ്ങിയത്. പല ഏലത്തോട്ടങ്ങളിലും ചെടികൾ നനയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാർച്ച് മാസത്തോടെ ജല സ്രോതസ്സുകൾ വറ്റിവരളുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. കുരുമുളക്, കാപ്പി കർഷകർക്കും അമിതമായ വെയിൽ പ്രതിസന്ധിയാണ്.

ചൂട് കനക്കും

കഴിഞ്ഞ ദിവസങ്ങളിൽ 28 മുതൽ 30 ഡിഗ്രിയോളമാണ് പകൽ സമയത്ത് ചൂട് അനുഭവപ്പെട്ടത്. മധ്യവേനലോടെ ഇത് 34 ഡിഗ്രി വരെ എത്താനുള്ള സാധ്യത വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.


ഒപ്പം കൊവിഡ് ആശങ്കയും

വിലത്തകർച്ച മൂലം വറുതിയിലായ കർഷകർക്ക് കൊവിഡ് മൂന്നാം തരംഗവും വലിയ ഭീഷണിയാണ്. ഉത്പാദിപ്പിക്കുന്ന വിളകൾ വിറ്റഴിക്കാനാകുമോയെന്നാണ് പ്രധാന ആശങ്ക. തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ ഏലയ്ക്കാ ശേഖരിക്കുന്നത് കുറച്ചതായും സൂചനയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇപ്പോൾ ലഭിക്കുന്ന വില ഇനിയും ഇടിയാൻ സാധ്യതയുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അതിർത്തി ചെക്പോസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ തമിഴ് തൊഴിലാളികളുടെ വരവും ഇല്ലാതാകും. ഇതും ഇടുക്കിയിലെ തോട്ടം മേഖലയെ പ്രതികൂലമായി ബാധിക്കും.