തൊടുപുഴ: തൊടുപുഴയിൽ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ കഞ്ചാവും എം.ഡി.എം.എയുമായി രണ്ടു കേസുകളിലായി നാലു പേർ കുടുങ്ങി. പടി. കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടിൽ ഷമൽ ഹംസ (22), ഐരാമ്പിള്ളി പുത്തൻപുരയിൽ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സൽ നാസർ (22) എന്നിവർ കാറിൽ ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവരിൽ നിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തൊടുപുഴ- മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജംഗ്ഷന് സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അടഞ്ഞു കിടന്ന വ്യാപാര സ്ഥാപനത്തിന് മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിൽ നിന്നാണ് ലഹരി വസ്തുക്കളുമായി പ്രതികളെ പിടികൂടിയത്. പിന്നീട് പട്ടയംകവലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു കിലോ കഞ്ചാവുമായി അഫ്‌സലിന്റെ സഹോദരൻ അന്തീനാട്ട് അൻസൽ നാസറിനെയും (24) പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. പ്രതികളിൽ മൂന്നു പേർ നേരത്തെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പിയുടെ അധിക ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്‌.ഐമാരായ ബിജു ജേക്കബ്, അനിൽ, ഷാജി, എ.എസ്‌.ഐ ജബ്ബാർ, വനിത സി.പി.ഒ റസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

31 വരെ വ്യാപക റെയ്ഡ്

വ്യാജമദ്യം, കഞ്ചാവ്, പാൻമസാല കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായായി രണ്ടു ദിവസങ്ങളിലായി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക റെയ്ഡിലാണ് ലഹരിയുമായി പ്രതികൾ പിടിയിലായത്. ഇന്നലെ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാർക്കറ്റിലെ സ്ഥാപനത്തിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങളും പിടികൂടി. 31 വരെ പരിശോധന തുടരും.