 
തൊടുപുഴ: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. കാരിക്കോട്- കുന്നം റോഡിൽ തൊണ്ടിക്കുഴയിലാണ് സംഭവം. വിവരം അറിയിച്ചിട്ടും പൊതുമരാമത്ത് അധികൃതരും നടപടി എടുക്കാൻ തയ്യാറായിട്ടില്ല. കനാലിന് കുറുകെ കടന്ന് പോകുന്ന പ്രധാനപാലത്തിലൂടെ ദിനവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നതാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ അടിയിൽ നിരവധി ഭാഗത്ത് കോൺക്രീറ്റ് ഇളകി മാറി കമ്പികൾ കാണാവുന്ന തരത്തിലാണ്. ഭാരവാഹനങ്ങൾ അടക്കം കടന്ന് പോകുന്ന പാലത്തിൽ വെള്ളക്കെട്ട് നിൽക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകും. ഇതടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പാലത്തിലൂടെ കടന്ന് പോകുന്ന ഇടവെട്ടി ജലനിധി പദ്ധതിയുടെ ഭാഗമായുള്ള വലിയ പൈപ്പിലെ ചോർച്ചമൂലമാണ് ഇവിടെ പ്രധാനമായും വെള്ളക്കെട്ടുണ്ടാകുന്നത്. ഇതിനൊപ്പം തന്നെ എയർ പുറന്തള്ളാനായി സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടേയും പാലത്തിലേക്ക് വെള്ളമൊഴുകി ഇറങ്ങുന്നുണ്ട്. നേരത്തെ ഇവിടെ വെള്ളം ചോർന്നിരുന്നത് മാദ്ധ്യമ വാർത്തകളെ തുടർന്ന് അടച്ചിരുന്നു. പിന്നീട് മാസങ്ങളായി വെള്ളം പാഴാകുമ്പോഴും അധികൃതർ ഈ വിഷയം അറിഞ്ഞ ഭാവം നടിക്കുന്നില്ല.