
അറക്കുളം: വനംവകുപ്പിന്റെ കുരുതിക്കുളം ചെക്ക് പോസ്റ്റിന് ബഹുനില മന്ദിരം നിർമ്മിക്കാൻ പദ്ധതി. ജില്ലയിലെ ആദ്യകാല ചെക്ക് പോസ്റ്റുകളിലൊന്നായ കുരുതിക്കുളത്തെ ഇക്കോ ഷോപ്പുൾപ്പടെയുള്ള സംയോജിത ചെക്ക് പോസ്റ്റായി ഉയർത്തുന്നതിന്റെ ഭാഗമായാണിത്. പരാധീനതകളും സ്ഥലപരിമിതികളുമെല്ലാം ഒഴിവാക്കി ഹൈടെക്ക് ചെക്ക് പോസ്റ്റാകുന്നതിനുള്ള ആദ്യ പടിയായാണ് പുതിയ കെട്ടിട നിർമ്മാണം. കാലം മാറിയിട്ടും പഴയ രീതിയിൽ തുടരുന്ന ഇവിടുത്തെ ചെക്ക് പോസ്റ്റ് വാർത്തകളിൽ പലപ്പോഴും ഇടം നേടിയിരുന്നു. നിലവിലെ ചെക്ക് പോസ്റ്റിന് സമീപമാണ് പുതിയ രണ്ടുനില കെട്ടിടമുയരുക. ഇവിടെ വനംവകുപ്പിന് 50 സെന്റോളം ഭൂമിയുണ്ട്. താഴത്തെ നിലയിൽ ചെക്ക് പോസ്റ്റിന് പുറമേ വനശ്രീയുടെ ഉത്പ്പന്നങ്ങൾ ലഭ്യമാകുന്ന ഇക്കോഷോപ്പും രണ്ടാം നിലയിൽ ചെക്ക് പോസ്റ്റിലെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സും എന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. ചെക്ക് പോസ്റ്റ് കെട്ടിടത്തലേയ്ക്ക് പ്രത്യേക റോഡും വാഹന പാർക്കിംഗ് സൗകര്യവും യാത്രികർക്കും ഇക്കോഷോപ്പിലെത്തുന്നവർക്കും വിശ്രമിക്കാനുള്ള ഇടവും ഇവിടെ സജ്ജമാക്കും.
69 ലക്ഷത്തിന്റെ പദ്ധതി
തൊടുപുഴ -പുളിയന്മല റോഡിലെ ഏക വനം വകുപ്പ് പരശോധനാ കേന്ദ്രത്തിന്റെ പുനർ നിർമ്മാണത്തിന് 69 ലക്ഷം രൂപയാണ് നൂറിന പരിപാടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കെട്ടിടത്തിന്റെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. ശക്തമായ മഴയെ തുടർന്ന് നിർദ്ദിഷ്ട സമയത്ത് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.