തൊടുപുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ജില്ല ഇന്നലെ നിശ്ചലമായി. മി​ക്കവാറും ജനങ്ങലും വീട്ടിലിരുന്ന് നിയന്ത്രണങ്ങളോട് സഹകരിച്ചു. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പൊതുവെ ആളുകൾ പുറത്തിറങ്ങിയത്. വിവാഹം,​ മരണം,​ ആശുപത്രി പോലുള്ള ആവശ്യങ്ങൾക്ക് പോകുന്നവരായിരുന്നു ഇതിലേറെയും. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ഏതാനും ചില ദീർഘദൂര സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നെന്ന് അധികൃതർ പറഞ്ഞു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും കാര്യമായ തിരക്കുണ്ടായിരുന്നില്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ രാവിലെ മുതൽ പൊലീസ് രംഗത്തുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾ കുറെയൊക്കെ നിരത്തിലിറങ്ങിയത് പൊലീസിന് തലവേദനയായി. റോഡുകളിൽ മറ്റ് സ്വകാര്യവാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. വിവാഹം, മരണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്ക് നിരത്തിലിറങ്ങിയവരുടെ സത്യവാങ്മൂലം പരിശോധിച്ചാണ് യാത്രാനുമതി നൽകിയത്. മതിയായ കാരണമില്ലാതെ യാത്ര ചെയ്തവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. മാസ്ക് ധരിക്കാത്തവരടക്കം കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെയും നടപടിയെടുത്തു. പാൽ, പഴം, പച്ചക്കറി, പലചരക്ക് കടകൾ,​ ബേക്കറികൾ,​ മത്സ്യ-മാംസ വിൽപ്പനശാലകൾ,​ മെഡിക്കൽ സ്റ്റോറുകൾ,​ കള്ള് ഷാപ്പുകൾ തുടങ്ങിയവ മാത്രമാണ് പ്രവർത്തിച്ചത്. പാഴ്സൽ സർവീസ് മാത്രമായി ചില ഹോട്ടലുകളും പ്രവർത്തിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടുത്ത ‌ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.