തൊടുപുഴ: റദ്ദു ചെയ്ത രവീന്ദ്രൻ പട്ടയ ഉടമകളുടെ പുതിയ അപേക്ഷ പരിശോധിക്കുമ്പോൾ കോടികളുടെ അഴിമതിക്കുള്ള സാധ്യതയാണുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. 530 പട്ടയങ്ങളും ഒന്നായി റദ്ദ് ചെയ്ത നടപടി തികച്ചും മനുഷ്യത്വരഹിതമാണ്. ഇത് ജില്ലയിലെ ജനങ്ങളെ വീണ്ടും വലിയ നിയമകുരുക്കുകളിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും എത്തിച്ചിരിക്കുകയാണ്. ഓരോ പട്ടയങ്ങളുടെയും സാധുത പരിശോധിച്ച് വ്യാജമായവ മാത്രം റദ്ദുചെയ്യണമായിരുന്നു. അല്ലാതെ ഈ നടപടിയ്ക്ക് യാതൊരു ന്യായീകരണവുമില്ല. വ്യാജ പട്ടയങ്ങൾ റദ്ദു ചെയ്യുന്നതിനെ കോൺഗ്രസ് പൂർണ്ണമായും അനുകൂലിക്കും. ജില്ലയിൽ 2019 ആഗസ്റ്റിലും ഒക്‌ടോബറിലും ഇറക്കിയിട്ടുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 64 ലെ ചട്ടമനുസരിച്ച് പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ കൃഷി ചെയ്യാനും വീട് വയ്ക്കാനും മാത്രമാണ് അനുമതിയുള്ളൂവെന്നും മറ്റ് നിർമ്മാണപ്രവർത്തനങ്ങളെല്ലാം അനധികൃതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത്തരം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഭൂമിയുടെ പട്ടയം റദ്ദ്‌ചെയ്ത് ഭൂമിയും അതിലുള്ള നിർമ്മാണങ്ങളും സർക്കാരിലേയ്ക്ക് കണ്ടുകെട്ടുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിനെതിരെ അതിരൂക്ഷമായ സമരം ഇടുക്കിയിലെ ജനങ്ങൾ നടത്തിയെങ്കിലും ഇടുക്കിക്ക് മാത്രമായി ഉത്തരവ് റദ്ദുചെയ്യാൻ സർക്കാർ തയ്യാറായില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ടു നടന്ന കോടതി വ്യവഹാരങ്ങളിൽ കേരളത്തിനാകെ ബാധകമായ ഒരു നിയമം ഇടുക്കിയിൽ അടിച്ചേൽപ്പിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദു ചെയ്തിട്ടുള്ളതാണ്. ഇടുക്കിയിലെ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാൻ തയ്യാറാവാത്ത സർക്കാരാണ് നിയമക്കുരക്കിൽപ്പെട്ടു വലയുന്ന ജനങ്ങളുടെ മേൽ 530 പട്ടയങ്ങൾ കൂടി റദ്ദുചെയ്തുകൊണ്ടുള്ള പുത്തൻ നടപടിയെടുത്തിട്ടുള്ളത്. സാധുവായ പട്ടയ ഉടമകൾക്ക് പോലും നിലവിലുള്ള സർക്കാർ ഉത്തരവിന്റെയും കോടതി വിധിയുടെയും പശ്ചാത്തലത്തിൽ കൃഷിയും വീടും അല്ലാതെ മറ്റേതെങ്കിലും വിധത്തിലുളള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഭൂമിക്ക് പട്ടയം നൽകാൻ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.