കട്ടപ്പന : വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോന്റെ ( 53 ) മരണത്തിന് കാരണമായ കാർ കണ്ടെത്താൻ കഴിയാതെ പൊലീസ്. അപകടമുണ്ടായി ഒരു മാസമെത്തി നിൽക്കുമ്പോഴാണ് മൂന്നംഗ അന്വേഷണ സംഘം ഇപ്പോഴും ഇരുട്ടിൽ തപ്പുന്നത്. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണമാരംഭിക്കാനിരിക്കെ ഡിസംബർ 26 ന് രാവിലെയാണ് ഇടുക്കികവല മാസ് ഹോട്ടലിന് സമീപം റോഡ് വശത്തെ ഓടയിൽ അദ്ദ്‌ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീണ് മരിച്ചതാകമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.എന്നാൽ മൃതദേഹത്തിൽ കണ്ടെത്തിയ പരിക്കുകൾ ദുരൂഹത ജനിപ്പിച്ചതോടെ ബന്ധുക്കൾ സമീപത്തുള്ള സ്ഥാപനത്തിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് 24 ന് രാത്രിയിൽ വാഹനമിടിച്ചാണ് കുഞ്ഞുമോൻ മരണപ്പെട്ടതെന്ന് വ്യക്തമായത്. ഈ സി സി ടി വി ദൃശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന അരോപണവും ഉയർന്ന് വന്നിരുന്നു.സംഭവം പിന്നീട് വിവാദമായതോടെയാണ് കട്ടപ്പന എസ് എച്ച് ഒ സൈബർ വിദഗ്ദ്ധൻ അടങ്ങുന്ന മൂന്നംഗ അന്വേഷണ സംഘം രൂപീകരിച്ചത്. ഇവരുടെ അന്വേഷണത്തിൽ അപകടത്തിനിടയാക്കിയത് വെള്ള ഹ്യുണ്ടായി ഇയോൺ കാറാണെന്ന് കണ്ടെത്തി. ഇതേ കാർ വെള്ളയാംകുടി റോഡിലുള്ള പെട്രോൾ ഔട്ട്‌ലെറ്റിന് മുൻപിൽ അഭ്യാസ പ്രകടനം നടത്തിയതിന്റെ സി സി ടി വി ക്യാമറാ ദൃശ്യങ്ങളും കണ്ടെത്തി.എന്നാൽ കാർ ആരുടേതാണെന്ന് തിരിച്ചറിയാൻ ഇതു വരെ കഴിഞ്ഞില്ല.സമാന നിറത്തിലുള്ള എഴുപതോളം ഇയോൺ കാറുകൾ പരിശോധിച്ചെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. നിരീക്ഷണത്തിലുള്ള ഏതെങ്കിലും കാറുകൾ അപകട സമയം ഇതു വഴി കടന്നുപോയിട്ടുണ്ടോയെന്ന് സൈബർ വിദഗ്ദ്ധന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.എന്നാൽ അന്വേഷണം ശരിയായ ദിശയില്ലല്ലെന്ന് ബന്ധുക്കൾ അടക്കം ആരോപിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.കേസിന് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കുമെന്ന നിലപാടിലാണ് നാട്ടുകാരും. അതേസമയം ഇടുക്കികവല ഭാഗത്തുള്ള കടകളിലെ ഏതാനും സി.സി.ടി വി ക്യാമറകൾ മാത്രമാണ് പൊലീസ് പരിശോധിച്ചതെന്നും. വാഹനത്തിന്റെ ദൃശ്യം വ്യക്തമായി പതിയാൻ സാധ്യതയുള്ള ക്യാമറകൾ പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.