ഉപ്പുതറ :അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.പ്രസിഡന്റായിരുന്ന മിനി നന്ദകുമാർ രാജി വച്ച ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നത്.എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി ഐ പ്രതിനിധിയായ പന്ത്രണ്ടാം വാർഡ് അംഗം നിഷാമോൾ ബിനോജ് മത്സരിക്കും,യു ഡി എഫ് സ്ഥാനാർത്ഥിയായി പതിമൂന്നാം വാർഡ് അംഗം വിജയമ്മ ജോസഫ് മത്സരിക്കുമെന്നും സൂചനയുണ്ട്.
13 അംഗ ഭരണ സമിതിയിൽ സി പി എം 4
സി പി ഐ 3 കേരള കോൺഗ്രസ് (എം) 1 എന്നിങ്ങനെ 8 അംഗങ്ങളായിരുന്നു എൽ ഡി എഫിനുണ്ടായിരുന്നത്.കോൺഗ്രസ് 4 കേരള കോൺസ് ജോസഫ് 1 എന്നിങ്ങനെ ആകെ 5 അംഗങ്ങളാണ് യു ഡി എഫിനുള്ളത്. ഭൂരിപക്ഷമുണ്ടായിരുന്ന എൽ.എഡി.എഫിലെ സിപിഐ പ്രതിനിധിയായിരുന്ന മിനി നന്ദകുമാറിനായിരുന്നു ആദ്യ രണ്ട് വർഷം പ്രസിഡന്റാക്കാൻ നറുക്ക് വീണത്. ഇതിനിടെയാണ് കാലാവധി പൂർത്തിയാക്കാതെ മിനി നന്ദകുമാർ 2021 നവംബർ 23 ന് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജി വച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവധിയിലായിരുന്ന അവരുടെ അപ്രതീക്ഷിത രാജി വലിയ വിവാദങ്ങൾക്കും വഴി വച്ചിരുന്നു. ഭരണ സമിതിയിലെ ഭിന്നിപ്പും അഴിമതി ആരോപണവുമാണ് രാജിയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചത്കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടത്തുന്നത്.