വെള്ളിയാമറ്റം: ശനിയാഴ്ച രാത്രിയിലെ കൊലപാതക വാർത്ത കേട്ട് മലയോരമേഖലയായ പൂച്ചപ്ര. സാധാരണക്കാരും കൃഷിക്കാരുമാണ് അധിവസിക്കുന്ന പ്രദേശമാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര. രാത്രി എട്ടരയോടെ കൊലപാതക വാർത്തയറിഞ്ഞയുടൻ സംഭവസ്ഥലത്തേക്ക് ജനങ്ങൾ കൂട്ടമായെത്തി. പൂച്ചപ്ര ജംഗ്ഷന് സമീപത്ത് നിന്ന് 150 മീറ്റർ മാത്രം മാറിയാണ് കൊലപാതകം നടന്ന വീട്. കൊല്ലപ്പെട്ട സനലും പ്രതി അരുണും (ഉണ്ണി) ഉൾപ്പെട്ട സുഹൃദ് സംഘം സന്ധ്യയോടെ മൂലമറ്റത്ത് നിന്ന് വാങ്ങിയ മദ്യവുമായി അരുണിന്റെ വീട്ടിലേക്ക് പോകുന്നത് ജംഗ്ഷനിൽ നിന്ന ചിലർ കണ്ടിരുന്നു. പതിവായി ഇവിടെ സംഘം ചേർന്നുള്ള മദ്യപാനവും മറ്റും നടക്കുന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. മദ്യപാനത്തിന് ശേഷം എട്ട് മണിക്ക് മുമ്പായി സനലും അരുണും ഒഴികെയുള്ള സുഹൃത്തുക്കൾ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് ശേഷം ഇരുവരും തമ്മിൽ ഫോൺ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വാക്ക് തർക്കമുണ്ടായി. സനലിന്റെ മൊബൈൽ ഫോൺ ഏതാനും ദിവസം മുമ്പ് അരുൺ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതിന് പകരം ഫോൺ വാങ്ങി നൽകാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രകോപിതനായ അരുൺ വാക്കത്തി ഉപയോഗിച്ച് സനലിനെ വെട്ടി വീഴ്ത്തുകയായിരുന്നു. എട്ട് മണിയോടെ ഇവിടെ നിന്ന് ബഹളവും കരച്ചിലും സമീപവാസികൾ കേട്ടിരുന്നു. ഇത് പതിവായതിനാൽ ആരും ശ്രദ്ധിച്ചില്ല. എന്നാൽ കൊലപാതകത്തിന് ശേഷം അരുൺ അടുത്ത താമസക്കാരനായ അനന്തുവിന്റെ വീട്ടിലെത്തി. താൻ സനലിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു. ഞെട്ടിപ്പോയ അനന്തു മറ്റ് അയൽവാസികളെയും കൂട്ടി സംഭവ സ്ഥലത്തെത്തി. രക്തത്തിൽ കുളിച്ച് കിടക്കുന്ന സനൽ അപ്പോഴേക്കും മരിച്ചു. അരുൺ ആവശ്യപ്പെട്ടത് പ്രകാരമാണ് നാട്ടുകാർ കാഞ്ഞാർ പൊലീസിനെ വിളിച്ച് വരുത്തിയത്. അതുവരെ അരുൺ സ്ഥലത്ത് നിന്ന് പോകാതെയും നാട്ടുകാർ ശ്രദ്ധിച്ചു. ഏതാനും സമയത്തിനുള്ളിൽ സ്ഥലത്തെത്തിയ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത ശേഷം മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി.