തൊടുപുഴ: മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലാതെ ജില്ലയിലെ ആരോഗ്യമേഖല കിതയ്ക്കുന്നു. ആരോഗ്യപ്രവർത്തകർ പലരും കൊവിഡ് ബാധിതരായതോടെ ആളില്ലാതെ ഇടുക്കി ഗവ. മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയുടെ പ്രവർത്തനം രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, നഴ്‌സിംഗ് ജീവനക്കാർ, ലബോറട്ടറി ജീവനക്കാർ എന്നിവരടക്കം നൂറിലേറെ പേർക്കാണ് ജില്ലയിൽ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ മാത്രം നിലവിൽ ഡോക്ടർമാരടക്കം 15 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളേജിന്റെ

കണക്ക് ഇതിന്റെ ഇരട്ടി വരും. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ എക്സറേ യൂണിറ്റ് ഒരാഴ്ച അടച്ചതിന് ശേഷം ഇന്നലെയാണ് തുറന്നത്. നോക്കാൻ ആളില്ലാത്തതിനാൽ ഇവിടത്തെ പുതിയ ബ്ലോക്കിൽ രോഗികളെ പ്രവേശിക്കാനും സാധിക്കുന്നില്ല. ഇതോടെ മുമ്പത്തെ അപേക്ഷിച്ച് ബെഡുകളും ഓക്സിജൻ സിലിണ്ടറുകളുമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാകാത്ത സ്ഥിതിയാണ്. നേരത്തെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന കൊവിഡ് ബ്രിഗേഡിനെ പിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷം അവസാനമാണ് ജില്ലയിൽ നിന്ന് എണ്ണൂറോളം പേരെ പിരിച്ചുവിട്ടത്. തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും മാത്രമായി മൂന്നൂറോളം ജീവനക്കാരാണ് ഇല്ലാതായത്. മൂന്നാം തരംഗം ആരംഭിച്ചതോടെ ഇവരെ വീണ്ടും തിരികെയെടുക്കണമെന്ന് ആരോഗ്യപ്രവത്തകർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

പരിശോധനാ കേന്ദ്രങ്ങൾ കുറവ്

ജീവനക്കാരുടെ കുറവ് മൂലം ജില്ലയിൽ കൊവിഡ് പരിശോധനയും മൂന്നിലൊന്നായി കുറഞ്ഞു. നേരത്തെ എല്ലാ ദിവസവും നടന്നിരുന്ന കൊവിഡ് പരിശോധന തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണുള്ളത്. ഭൂരിഭാഗം പി.എച്ച്.സികളിലും ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പരിശോധന. ബാക്കിയുള്ളിടങ്ങളിൽ പഴയതുപോലെ പരിശോധനയില്ല. ഇടുക്കി മെഡിക്കൽ കോളേജിൽ എല്ലാ ദിവസവും പരിശോധന നടക്കുന്നുണ്ടെങ്കിലും എണ്ണം കുറവാണ്.