 കത്തി ഇതുവരെ കണ്ടെടുക്കാനായില്ല

മുട്ടം: ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയെ വീണ്ടും ജില്ലാ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് നാല് വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ നാലാം പ്രതി നിതിൻ ലൂക്കോസ്, ആറാം പ്രതി സോയി മോൻ സണ്ണി എന്നിവരുടെ കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് നിരീക്ഷണത്തിലായതിനാൽ ഇവരെ ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരാക്കാനായില്ല. അന്വേഷണ ഉദ്യോഗസ്ഥർ പീരുമേട് സബ് ജയിലിലെത്തി ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കോടതി നിർദേശം നൽകി. കേസിലെ പ്രധാന തെളിവായ ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായിട്ടില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ റോഡരികിൽ നിന്ന് വനത്തിലേക്ക് വലിച്ചെറിഞ്ഞെന്നാണ് നിഖിൽ പൈലി പൊലീസിന് നൽകിയ മൊഴി. എന്നാൽ നിഖിലുമായി ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് പൊലീസ് വീണ്ടും കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ഇടുക്കി ക്രൈം റെക്കൊർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എ. തോമസാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. ബി. സുനിൽ ദത്തും കോടതിയിൽ ഹാജരായി.