നെടുങ്കണ്ടം:. കാർഷിക വിളകൾക്ക് ഇൻഷ്വർ ചെയ്തിട്ടും കർഷകർക്ക് രക്ഷയില്ല. പ്രകൃതി ദുരന്തത്തിൽ കൃഷി നാശം നേരിട്ട കർഷകർക്കായുള്ള ഇൻഷ്വറൻസ് തുക വിതരണത്തിൽലാണ് കാലതാമസം നേരിടുന്നത്. കൃഷി നാശം സംഭവിച്ചാൽ ഉടൻ നഷ്ടപരിഹാരം ലഭ്യമാകുമെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാന സർക്കാർ വിള ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

പ്രകൃതി ദുരന്തങ്ങൾ മൂലം കൃഷി നാശം സംഭവിയ്ക്കുമ്പോൾ,കർഷകർക്കുണ്ടാകുന്ന വൻ നഷ്ടത്തിന് പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സർക്കാർ വിള ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കിയത്. കുറഞ്ഞ നിരക്കിൽ വിളകൾ ഇൻഷ്വർ ചെയ്താൽ, വിവിധ കാരണങ്ങളാൽ നാശം സംഭവിക്കുമ്പോൾ അത് വിലയിരുത്തി നഷ്ടപരിഹാരം നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, 2019ൽ കൃഷി നാശം നേരിട്ട കർഷകർക്ക് ഇതുവരേയും ഇൻഷ്വറൻസ് തുക ലഭ്യമായിട്ടില്ല. നഷ്ടം നേരിട്ട കൃഷിയിടങ്ങൾ, കൃഷി വകുപ്പ് ജീവനക്കാർ, സന്ദർശിച്ച് റിപ്പോർട്ടും തയ്യാറാക്കിയിരുന്നു

നഷ്ടപരിഹാര തുക ഉടനടി ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് കൃഷി വകുപ്പ് ജീവനക്കാർ കർഷകരെ ഇൻഷ്വറൻസ് പദ്ധതിയിൽ പങ്കാളികളാക്കിയത്. ഓരോ കൃഷിയിടത്തിലേയും മുഴുവൻ വിളകളും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഏത്തവാഴ അടക്കമുള്ള തന്നാണ്ട് വിളകള് കൃഷി ചെയ്യുന്നവരാണ് പ്രധാനമായും ഇൻഷ്വറൻസ് എടുത്തിട്ടുള്ളത്. കൃഷി ചെയ്ത വിളയുടെ എണ്ണത്തിനനുസരിച്ച് കർഷകർ തുകയും മുടക്കി. ക്ലെയിം ലഭിയ്ക്കാത്തത് സംബന്ധിച്ച് കൃഷി വകുപ്പ് ഓഫീസിൽ അന്വേഷിയ്ക്കുമ്പോൾ ഉടൻ ലഭ്യമാകുമെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നത്.