തൊടുപുഴ:കൊവിഡ് മൂലമുണ്ടായ വ്യാപാര മാന്ദ്യത്തെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യവസായമേഖലയെ സംരക്ഷിക്കാൻ ബജറ്റിലൂടെ ഉത്തേജന പാക്കേജ് കൊണ്ടുവരണമെന്ന്‌കേരളകോൺഗ്രസ്(എം ) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാര വ്യവസായമേഖലയുടെ അടിത്തറകേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന ചെറുകിട വ്യവസായങ്ങളാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് പ്രതിദിനം തൊഴിൽ നൽകുന്ന ചെറുകിട വ്യവസായമേഖല അതിജീവനത്തിനായി ഊർദ്ധശ്വാസം വലിക്കുകയാണ്. സർക്കാർ ചെറുകിട വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിന്‌വേണ്ടി നിരവധി പാക്കേജുകൾ മുൻപ് കൊണ്ടു വന്നിട്ടുണ്ടെങ്കിലും അതിന്റെ ഗുണം വ്യവസായമേഖലയ്ക്ക്‌ കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളെ തുടർന്നു ലഭിക്കാതെപോയി.ചെറുകിട വ്യവസായമേഖലയെ തകർക്കുന്ന കാലഹരണപ്പെട്ട വാടക, തൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിയോജകമണ്ഡലംനേതൃയോഗം ആവശ്യപ്പെട്ടു. പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്ദ്ധ്യക്ഷതവഹിച്ചു.നേതാക്കളായ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽജോർജ്,അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ ബിനുതോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം,ജോസ് കവിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.