തൊടുപുഴ: ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന പോത്ത് മോഷണം പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതി. പെരുമ്പിള്ളിച്ചിറ കറുക കൊച്ചിലവുങ്കൽ ലത്തീഫിന്റെ പോത്തിനെയാണ് കഴിഞ്ഞ 16ന് രാത്രി മോഷ്ടാക്കൾ കടത്തിയത്. കോലാനി- വെങ്ങല്ലൂർ ബൈപാസിൽ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ പാടത്താണ് പോത്തിനെ കെട്ടിയിരുന്നത്. വർഷങ്ങളായി പോത്തുകളെ വളർത്തുന്ന ലത്തീഫ് പതിവായി ഇവയെ ഇവിടെയാണ് കെട്ടിയിരുന്നത്. ഇവിടെ നിന്ന് പോത്തിനെ രാത്രിയിൽ വാഹനത്തിൽ കടത്തുകയായിരുന്നു. മോഷ്ടാക്കൾ പോത്തിനെ പിക്ക്അപ്പ് വാനിൽ കയറ്റുന്നതിന്റെയും കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറകളിൽ നിന്ന് ലഭിച്ചിരുന്നു. ഇതുൾപ്പെടെയാണ് ലത്തീഫ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ലത്തീഫിന്റെ പരാതി. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്നും വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായും സി.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.