kpn

ഭരണ പ്രതിസന്ധി ഒഴിവായി

കട്ടപ്പന : അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ നിഷമോൾ ബിനോജ് തിരഞ്ഞെടുക്കപ്പെട്ടു.തിങ്കളാഴ്ച്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വോട്ടെടുപ്പിൽ 12 ൽ 7 വോട്ടുകളും നേടിയാണ് നിഷാമോൾ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടത്.മുൻ പ്രസിഡന്റ് മിനി നന്ദകുമാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതോടെയാണ് പുതിയ പ്രസിഡന്റിനായി തിരഞ്ഞെടുപ്പ് നടത്തിയത്. സി .പി .ഐ പ്രതിനിധിയായ നിഷ മോൾ ബിനോജിന് എതിരായി യു ഡി എഫി ലെ വിജയമ്മ ജോസഫാണ് മത്സരിച്ചത്.കഴിഞ്ഞ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന നിഷമോൾ നിലവിലുള്ള ഭരണ സമിതിയിലെ ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണായിരിക്കെയാണ് പുതിയ പദവി.പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ പൂവന്തിക്കുടിയിൽ നിന്നുമാണ് ഭരണ സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.13 അംഗ ഭരണ സമിതിയിൽ സി പി എം 4 സി പി ഐ 3 കേരള കോൺഗ്രസ് (എം) 1 എന്നിങ്ങനെ 8 അംഗങ്ങളായിരുന്നു എൽ ഡി എഫിനുണ്ടായിരുന്നത്.കോൺഗ്രസ് 4 കേരള കോൺസ് ജോസഫ് 1 എന്നിങ്ങനെ ആകെ 5 അംഗങ്ങളാണ് യു ഡി എഫിനുള്ളത്. ഭൂരിപക്ഷമുണ്ടായിരുന്ന എൽ.എഡി.എഫിലെ സിപിഐ പ്രതിനിധിയായിരുന്ന മിനി നന്ദകുമാറിനായിരുന്നു ആദ്യ രണ്ട് വർഷം പ്രസിഡന്റാക്കാൻ നറുക്ക് വീണത്. ഇതിനിടെയാണ് കാലാവധി പൂർത്തിയാക്കാതെ മിനി നന്ദകുമാർ 2021 നവംബർ 23 ന് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജി വച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവധിയിലായിരുന്ന അവരുടെ അപ്രതീക്ഷിത രാജി പാർട്ടിക്കുള്ളിൽ തന്നെ ഭിന്നിപ്പുണ്ടാക്കിയിരുന്നു.


'മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണ് പ്രഥമ പ്രവർത്തനം.ഇതിനായി എല്ലാ വാർഡ് അംഗങ്ങളെയും യോജിപ്പിച്ച് നിർത്തും. ഒപ്പം മാലിന്യസംസ്‌കരണത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കും' നിഷമോൾ ബിനോജ്