തൊടുപുഴ: ചെന്തമിഴ് സംസ്‌കാരം അതിരിടുന്ന അഞ്ചുനാട് മുതൽ മലയിറങ്ങുമ്പോൾ തൊടുന്ന സമതലം വരെ വൈവിദ്ധ്യങ്ങൾ നിറഞ്ഞ നമ്മുടെ മിടുക്കിയായ ഇടുക്കി ജില്ലയ്ക്ക് നാളെ 50 വയസ് തികയുകയാണ്. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ഉൾപ്പെടുത്തിയാണ് 1972 ജനുവരി 26ന് ഇടുക്കി ജില്ല രൂപീകരിക്കുന്നത്. മലപ്പുറവും മലനാടും എന്നീ രണ്ട് ജില്ലകൾ രൂപീകരിക്കാൻ 1968 ലാണ് മന്ത്രിസഭ തീരുമാനിച്ചതെങ്കിലും ഇടുക്കി നിലവിൽ വരാൻ 1972 വരെ കാത്തിരിക്കേണ്ടി വന്നു. പുതിയ ജില്ലയിൽ ഉൾപ്പെടുത്തേണ്ട പ്രദേശങ്ങൾ, ആസ്ഥാനം എന്നിവ സംബന്ധിച്ച തർക്കമാണ് ജില്ലാ രൂപീകരണം വൈകാനിടയാക്കിയത്. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്ഥാനം കൊതിച്ചിരുന്നു. അന്ന് റവന്യൂ സെക്രട്ടറിയായിരുന്ന എൻ. കാളീശ്വരനായിരുന്നു ജില്ലാ രൂപീകരണ സ്‌പെഷ്യൽ ഓഫിസർ. ജില്ലാ ആസ്ഥാനത്തിന്റെ പേരാണ് എല്ലാ ജില്ലകൾക്കും എന്നതിനാൽ പുതിയ ജില്ലയ്ക്കും അങ്ങനെ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 1971 ഡിസംബർ ഒന്നിന് ചേർന്ന മന്ത്രിസഭാ യോഗം ജനുവരി 26നകം ഇടുക്കി ജില്ല രൂപീകരിക്കാൻ തീരുമാനിച്ചു. പിന്നീട് റവന്യൂ സെക്രട്ടറിയായ എ.കെ.കെ. നമ്പ്യാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ താലൂക്കിലെ മഞ്ഞള്ളൂർ, കല്ലൂർക്കാട് പ്രദേശങ്ങൾ എറണാകുളം ജില്ലയിൽ നിലനിർത്തി. 1972 ജനുവരി 25നാണ് പുതിയ ജില്ലയുടെ ഉത്തരവ് പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ കോ-ഓഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷ്യൽ കളക്ടറുമായിരുന്ന ഡോ. ഡി. ബാബു പോൾ പ്രോജക്ടിന്റെ ചുമതലകൾക്കു പുറമേ ജില്ലാ കളക്ടറായും പ്രവർത്തിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. പ്രോജക്ടിലെ ചീഫ് സെക്യൂരിറ്റി ഓഫിസറും അഡീഷനൽ എസ്.പിയുമായിരുന്ന കെ.വി ഉമ്മൻ പുതിയ ജില്ലയിലെ ഡി.എസ്.പി ആയിരിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. കോട്ടയം ദേവലോകം താത്ക്കാലിക ആസ്ഥാനമായി ജില്ല പിറ്റേദിവസം നിലവിൽ വന്നു.

ഉയരട്ടെ ഇടുക്കി

സംസ്ഥാന ഭൂപടത്തിൽ അവികസിതം എന്ന് ഏറെ നാൾ അടയാളപ്പെടുത്തിയിരുന്ന ജില്ലയിലായിരുന്നു ഇടുക്കി. എന്നാൽ അരനൂറ്റാണ്ടിനിപ്പുറം വികസനം മെല്ലെ മലകയറിയെത്തുന്നുണ്ട്. എന്നാൽ ഇനിയും പരിഹരിക്കപ്പെടേണ്ട അടിസ്ഥാന പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. രണ്ടുവർഷം തുടർച്ചയായി ഉണ്ടായ പ്രളയങ്ങൾ പിടിച്ചുകുലുക്കിയെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ ഇടുക്കിയ്ക്ക് കഴിഞ്ഞു. വൈവിധ്യമാർന്നതും സംഭവബഹുലമായ പൈതൃകവും, ശേഷിപ്പും, സൂക്ഷിപ്പും ഉള്ളതാണ് ജില്ലയുടെ ചരിത്രം. കർഷകർ, തോട്ടം തൊഴിലാളികൾ, ആദിവാസികൾ, തമിഴ്ഭാഷ ന്യൂനപക്ഷങ്ങൾ, എന്നിവരുടെ സംസ്‌കാരവും സ്വാധീനവും പേറുന്ന മലനാടും ഇടനാടും ചേർന്നതാണ് ഇടുക്കി. സംസ്ഥാനത്തിന്റെ ഊർജ കലവറ, നാണ്യവിളകളുടെ ആസ്ഥാനം, രാജ്യത്തെ തന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ, വനങ്ങൾ, വന്യജീവി കേന്ദ്രങ്ങൾ തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ള ഇടുക്കിയെ വികസനത്തിന്റെ പുതു തലങ്ങളിലേക്ക് നയിക്കുന്ന ഘടകളാണ്‌.