suresh
സുരേഷ് കുഴിക്കാട്ട്

കട്ടപ്പന: ടൂറിസത്തിലൂടെ നാടിനെ വളർച്ചയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഘട്ടത്തിലാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്. ടൂറിസം ഭൂപടത്തിൽ ഉൾപ്പെട്ട അഞ്ചുരുളിയുമായി ബന്ധപ്പെടുത്തിയുള്ള വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ടൂറിസം മന്ത്രിയുടെ 'ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം ' എന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെടുത്തി അഞ്ചുരുളി ടണൽ മുഖത്ത് മേൽപ്പാലം നിർമ്മിച്ച് സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് പ്രഥമ പരിഗണന. 50 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രോജക്ട് ഡി.ടി.പി.സിയ്ക്ക് കൈമാറിയിട്ടുണ്ട്. അംഗീകാരം കിട്ടിയാൽ വിവിധ വകുപ്പുകളെ അനുമതി തേടി പദ്ധതി നടപ്പിലാക്കും. അഞ്ചുരുളിയിൽ നിന്ന് കുളമാവ്, വളാട്ടുപാറ എന്നിവിടങ്ങളിലേയ്ക്ക് ബോട്ട് സർവീസ് നടത്തണമെന്ന ആവശ്യവും കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടങ്ങുന്ന സംഘം കളക്ട്രേറ്റിൽ നടന്ന പ്രത്യേക യോഗത്തിൽ അവതരിപ്പിച്ചിരുന്നു. അഞ്ചുരുളിയിൽ പാർക്കിംഗ് ഗേറ്റ് സ്ഥാപിക്കുന്ന വിഷയവും പരിഗണനനയിലാണ്.


• ഉണർവ്വോടെ ആരോഗ്യ മേഖല

ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും കുറവുകളും മനസ്സിലാക്കിയാണ് ഓരോ പദ്ധതികളും പഞ്ചായത്ത് തയ്യാറാക്കുന്നത്. ഇതിലൊന്നാണ് ഭിന്നശേഷിക്കാർക്ക് അവരുടെ വൈകല്യങ്ങൾ മനസ്സിലാക്കി ആവശ്യമായ ഉപകരണങ്ങൾ നൽകിയത്. ഐ.സി.ഡി.എസ് സഹകരണത്തോടെ വയോജനങ്ങൾക്ക് കട്ടിൽ നൽകിയതും കരുതലിന്റെ ഭാഗമാണ്.

• സ്ട്രീറ്റ്മാൻ പദ്ധതി പൂർണ്ണതയിലേയ്ക്ക്

പ്രധാന പാതയോരങ്ങളിലും പോക്കറ്റ് റോഡുകളിലും കവലകളിലും വഴിവിളക്കുകൾ സ്ഥാപിക്കുന്ന സ്ട്രീറ്റ് മാൻ പദ്ധതി അതിവേഗത്തിലാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. 19 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നിർദ്ദിഷ്ഠ മലയോര ഹൈവേയുടെ ഭാഗമായ വെള്ളിലാംകണ്ടം മുതൽ നരിയംപാറ വരെയുള്ള ഭാഗത്ത് വഴിവിളക്ക് സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.


• 2024 ൽ എല്ലാ വീടുകളിലും കുടിവെള്ളം ലക്ഷ്യം

വാട്ടർ അതോറിറ്റി വഴി വാർഡുകൾ തോറും കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും തടസ്സമില്ലാത്ത ശുദ്ധജല വിതരണമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കേന്ദ്ര പദ്ധതിയായ 'ജലജീവൻ' വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ സമയ ബന്ധിതമായി നടപ്പാക്കുകയാണ് പഞ്ചായത്തിന്റെ ദൗത്യം. റിസർവോയറുകളിലെ 20% ജലം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാമെന്നുള്ള അനുമതി ഉള്ളതിനാൽ അഞ്ചുരുളി തടാകത്തിൽ നിന്ന് കോളേജ് മലയിലേയ്ക്ക് വെള്ളമെത്തിച്ച് ശേഖരിച്ച് വീടുകളിൽ ജലം വിതരണം ചെയ്യാനാകും. ഇതിനായുള്ള പ്രാരംഭഘട്ട സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്.


• പരിസ്ഥിതി ദിനത്തിൽ മരതൈകൾ

സോഷ്യൽ ഫോറസ്റ്ററി പരിസ്ഥിതി ദിനത്തിൽ നൽകുന്ന മരതൈകളുടെ ഉദ്പാദനവും,തയ്യാറാക്കലും ഏറ്റെടുത്ത് മുരിക്കാട്ടുകുടിയിൽ നഴ്‌സറി സ്ഥാപിച്ച് നടപ്പാക്കുന്നു. എസ്.ടി വിഭാഗം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ 20 തൊഴിലാളികൾക്ക് തുടർച്ചയായി 200 തൊഴിൽ ദിനങ്ങൾ നൽകാനായി.


• മാലിന്യം- അറിയിച്ചാൽ പാരിതോഷികം ഉറപ്പ്

മാലിന്യ നിർമ്മാർജനത്തിന് ഹരിത കർമ്മ സേന നടത്തുന്ന പ്രവർത്തനത്തിന് പുറമേ ഓരോ കുടുംബങ്ങളിലും ഗ്രീൻ കാർഡും പഞ്ചായത്ത് നിർബന്ധമാക്കി. ഈ കാർഡ് എടുത്തവർക്ക് മാത്രമായിരിക്കും പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളിൽ നിന്നടക്കം സേവനം ലഭിക്കുക. ഇതിന് പുറമേ പൊതു ഇടങ്ങളിലെ മാലിന്യം തള്ളൽ നിയന്ത്രിക്കാൻ പ്രത്യേക സ്‌ക്വാഡും തയ്യാറാക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്ന തെളിവുകളോടെ പഞ്ചായത്തിനെ അറിയിച്ചാൽ ആ വ്യക്തിയ്ക്ക് പാരിതോഷികവും മാലിന്യം തള്ളിയവർക്ക് പിഴയും നൽകും. ലബ്ബക്കടയിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റും സുഗമമായിട്ടാണ് പ്രവർത്തിക്കുന്നത്.

* ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതി വിജയിച്ചു

വെള്ളിലാംകണ്ടം മൺപാലത്തിന് സമീപത്തും അയ്യപ്പൻ കോവിൽ തൂക്കുപാലത്തും സ്ഥാപിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ വഴിയാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനകരമാണ്. ശബരിമല സീസണെത്തിയാൽ അയ്യപ്പ ഭക്തർക്കും വെള്ളിലാംകണ്ടത്തുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉപകാരമാകുന്നുണ്ട്.

' പരാതി രഹിത ഫ്രണ്ട് ഓഫീസ് സേവനമാണ് നടപ്പിലാക്കി വരുന്നത്. വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തുമ്പോൾ ആർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. ആവശ്യം എന്താണെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കി നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് ഭരണസമിതി നിർദ്ദേശം നൽകിയിട്ടുണ്ട് '

-സുരേഷ് കുഴിക്കാട്ട് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)