മറയൂർ: മറയൂർ പള്ളനാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു.പള്ളനാട് മംഗള പാറ സ്വദേശി ദുരൈരാജ്( 62 ) ആണ് മരിച്ചത്.മംഗളം പാറ ഭാഗത്ത് കൃഷി ജോലിക്ക് പോയി തിരികെ വന്ന തൊഴിലാളികളാണ് തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടു കൂടി ദുരൈരാജിന്റെ മൃതദേഹം വഴിയിൽ കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് സമീപത്ത് മാറി ചെരുപ്പും ചോറുപൊതിയും തോർത്തും കിടക്കുന്നുണ്ടായിരുന്നു.രാവിലെ മറയൂരിലെത്തിയ ദുരൈ രാജ് മറയൂർ ടൗണിലെ ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം വാങ്ങി മംഗളം പാറയിലുള്ള വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്.ഭാര്യ പൗർണ്ണമിയും മകൻ അരവിന്ദനും ഉദുമൽപേട്ടയിലാണ് താമസിക്കുന്നത്. ചെവിയിൽ കൂടി രക്തം ഒഴുകിയ നിലയിലാണ്.മറയൂർ എസ്.ഐ അശോക് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.