തൊടുപുഴ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊടുപുഴ മേഖലയിൽ നെൽക്കൃഷി പകുതിയായി കുറഞ്ഞു. 2017ൽ തൊടുപുഴ താലൂക്കിൽ 125ലേറെ ഹെക്ടറിലുണ്ടായിരുന്ന നെൽക്കൃഷി ഇപ്പോൾ വെറും 60 ഹെക്ടറിലേക്ക് ചുരുങ്ങി. നേരത്തെ തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും നെൽക്കൃഷി വ്യാപകമായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പ്രകാരം നെല്ലിന്റെ ഉത്പാദനം തൊടുപുഴ താലൂക്ക് പ്രദേശങ്ങളിൽ നാമമാത്രമായി ചുരുങ്ങി. തലമുറകൾ പാരമ്പര്യമായി ചെയ്ത് വന്നിരുന്ന കൃഷി പൂർണമായി ഉപേക്ഷിക്കാൻ മനസ് കൊണ്ട് താത്പര്യം ഇല്ലാത്ത ഏതാനും ചിലർ മാത്രമാണ് ഇപ്പോൾ ഈ മേഖലയിലുള്ളത്. വിലക്കുറവ്, കനത്ത വേനൽ, കാലംതെറ്റിയ മഴ, പ്രളയം എന്നിങ്ങനെ കാലാവസ്ഥ വ്യതിയാനവും എത്ര കഷ്ടപ്പെട്ടാലും നഷ്ടം മാത്രം മിച്ചം കിട്ടുന്നതിനാലുമാണ് ഈ കാർഷിക മേഖലയിലേക്ക് പുതുതലമുറ കടന്ന് വരാത്തത്. നിലം ഒരുക്കി വിത്ത് പാകി, വളവും വെള്ളവും നൽകി മുളപ്പിച്ച് എടുത്ത്, നെല്ല് കൊയ്ത്, അരിയും മറ്റ് ഉത്പന്നങ്ങളും ആക്കിയെടുക്കാനുള്ള ജോലി മറ്റ് കൃഷിയെക്കാളും ഏറെ ശ്രമകരമാണ്. ഇതിനെല്ലാം ജോലിക്കാരെ കിട്ടാനും പ്രയാസമായി. വിവിധ പഞ്ചായത്ത്‌ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് നെൽ വയലുകൾ വർഷങ്ങളായി വെറുതെ കിടക്കുകയാണ്. മറ്റിടങ്ങളിൽ നെൽപാടങ്ങളിൽ റബ്ബർ, വാഴ, ജാതി എന്നിങ്ങനെയുള്ള വിളകൾ സ്ഥാനം പിടിച്ചു.

സർക്കാർ ഇടപെടൽ വേണം

നെൽ കർഷകർക്ക് വേണ്ടിയുള്ള കുട്ടനാട് പാക്കേജ് പോലുള്ള പദ്ധതി തൊടുപുഴയിലും നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം. നെല്ല് കൊയ്തെടുത്താൽ അരിയാക്കി പൊടിച്ചെടുക്കാനുള്ള മില്ല് സൗകര്യം പോലും തൊടുപുഴ മേഖലയിൽ കുറവാണ്. നെല്ല്, അരി, തവിട് എന്നിവ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ തൊടുപുഴ മേഖലയിൽ വർഷങ്ങളായി മൊത്തക്കച്ചവടക്കാർ ഇല്ലാത്തതും പ്രതിസന്ധിയാണ്. ഇവ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കാൻ തൊടുപുഴയിൽ സർക്കാർ ഏജൻസികളുടെ പ്രവർത്തനം സജ്ജമാക്കുമെന്ന് അധികൃതർ വിവിധ സംഘടനകൾക്ക് വർഷങ്ങളായി ഉറപ്പ് നൽകാറുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമായില്ല. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തൊടുപുഴ മേഖലയിലെ ഏതാനും ചില പഞ്ചായത്ത്‌ പ്രദേശങ്ങളിൽ നെൽകൃഷികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് ആശാവഹമായ കാര്യമാണ്. എന്നാൽ കൃഷി ഭവനുകൾ കേന്ദ്രീകരിച്ചുള്ള പ്രദേശികമായ രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ചിലയിടങ്ങളിൽ പദ്ധതികൾ തുടക്കത്തിൽ തന്നെ ഉണങ്ങി കരിഞ്ഞു.

തൊടുപുഴ താലൂക്കിലെ 5 വർഷത്തെ നെൽക്കൃഷി (ഹെക്ടറിൽ )

വർഷം ഹെക്ടർ

2017-18- 126

2018-19 125

2019-20 122

2020-21 80

2021-22 60